കോട്ടയം: കോട്ടയം താലൂക്കിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും ഇന്ന് അവധിയായിരിക്കും. വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കോട്ടയം താലൂക്കിൽ 15, വൈക്കം ചങ്ങനാശ്ശേരി താലൂക്കുകളിൽ ഓരോ ക്യാമ്പുകളും ആണ് പ്രവർത്തിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് 67 കുടുംബങ്ങളിലെ 239 പേരാണ് ക്യാമ്പുകളിൽ ഉള്ളത്. ഈ മാസം അഞ്ചുവരെ ജില്ലയിൽ ഖനന നിരോധനവും മലയോരമേഖലകളിലേക്കുള്ള രാത്രി യാത്രയ്ക്ക് നിയന്ത്രണവും ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയത്ത് എവിടെയും രാത്രിയിൽ കാര്യമായ മഴ ഉണ്ടായിരുന്നില്ല. രാവിലെയും മഴ മാറി നിൽക്കുന്നു. ജില്ലയിൽ ഇന്ന് ഗ്രീൻ അലർട്ടുമാണ് .
ആലപ്പുഴയിലെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ മൂന്നു ദിവസമായി പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് നടപടി. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ചേർത്തല, ചെങ്ങന്നൂർ താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ് ചൊവ്വാഴ്ച ( 03.10.2023) അവധി പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ജില്ലാ കളക്ടർ ഫേസ്ബുക്ക് പേജിൽ അറിയച്ചു.
അതേസമയം സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ തുടരുകയാണ്. തലസ്ഥാനമടക്കുമുള്ള തെക്കൻ കേരളത്തിൽ ഇന്നലെ ശക്തമായ മഴ ലഭിച്ചിരുന്നു. മധ്യകിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദ്ദം കരതൊട്ടതിന് പിന്നാലെ ആയിരുന്നു സംസ്ഥാനത്ത് മഴ ശക്തമായത്. രാവിലെ മുതൽ ആരംഭിച്ച മഴ തലസ്ഥാന ജില്ലയിലെ മലയോര, നഗരമേഖലകളിൽ ശക്തമായി തുടരുകയാണ്.