റിയാദ്: പുണ്യനഗരമായ മക്കയിലും സൗദിയുടെ മറ്റ് ഭാഗങ്ങളിലും മഴ. തിങ്കളാഴ്ച പുലർച്ചെയും ഉച്ചക്ക് ശേഷവും മക്കയിലും പരിസരങ്ങളിലും മിതമായ തോതിൽ മഴയുണ്ടായി. ആകാശം പൊതുവേ മേഘാവൃതമായിരുന്നു. ജിദ്ദയുടെ ചില ഭാഗങ്ങളിലും റിയാദിലും മറ്റ് പ്രവിശ്യകളിലും മഴ പെയ്തു. ജിദ്ദ മേഖലയിലെ 16 മുനിസിപ്പാലിറ്റി (ബലദിയ) ഒാഫീസുകൾക്ക് കീഴിൽ മഴക്കെടുതി നേരിടുവാനുള്ള എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു. ശുചീകരണ ജോലികൾക്കും കെട്ടിനിൽക്കുന്ന വെള്ളം നീക്കം ചെയ്യുന്നതിനും 3333 തൊഴിലാളികളെയും 1691 ഉപകരണങ്ങളും സജ്ജമാക്കിയതായും അവർ വിശദീകരിച്ചു. ചൊവ്വാഴ്ചയും രാജ്യവ്യാപകമായി മിക്ക പ്രദേശങ്ങളിലും മിതമായതോ കനത്തതോ ആയ മഴ പെയ്യുമെന്നും മുൻകരുതലുകൾ പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.