തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഭീഷണി തത്കാലം ഒഴിയുന്നുവെന്ന് സൂചന. കേന്ദ്ര കാലാവസ്ഥ പ്രവചന പ്രകാരം ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും ഓറഞ്ച് അലർട്ടോ യെല്ലോ അലർട്ടോ പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് മാത്രമല്ല നിലവിൽ 25 -ാം തിയതിവരെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ലെന്നത് ആശ്വാസമാണ്. എന്നാൽ 25 -ാം തിയതിയോടെ സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിച്ചേക്കും. ഓഗസ്ത് 24 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ ഓഗസ്ത് 25 -ാം തീയതി ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 25 ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.