തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ മഴ കുറഞ്ഞേക്കും. സംസ്ഥാനമാകെ പരക്കെ മഴ സാധ്യത ഇന്നില്ലെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്. എന്നാൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാകും ഇന്നും കൂടുതൽ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിൽ ഇടവിട്ട് മഴ കിട്ടിയേക്കും. 3 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ഇടുക്കി, മലപ്പുറം, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കാലവർഷക്കാലത്ത് മഴയുടെ അളവ് കുറയുന്ന മൺസൂൺ ബ്രേക്കിന് അന്തരീക്ഷം ഒരുങ്ങുന്നതായാണ് നിലവിലെ വിലയിരുത്തൽ. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ല.