ദുബായ് : ഗള്‍ഫ് നാടുകളിലുടനീളം ശക്തമായ മഴ തുടരുന്നു. ബുധനാഴ്ചവരെ യു.എ.ഇ.യില്‍ ഇടിമിന്നലോടുകൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. ആലിപ്പഴവര്‍ഷത്തിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. എന്നാല്‍, അപകടസാധ്യതയില്ല. തണുപ്പ് കൂടും. വടക്കുകിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും. തെക്കുപടിഞ്ഞാറുനിന്നുള്ള ന്യൂനമര്‍ദവും ചെങ്കടലിന് മുകളിലൂടെയുള്ള മേഘങ്ങള്‍ യു.എ.ഇ.യിലേക്ക് നീങ്ങുന്നതുമാണ് മഴയ്ക്ക് സാധ്യതകൂട്ടുന്നതെന്നാണ് വിവരം. രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും മേഘാവൃതമാണ്. വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കുന്നതോടെ അന്തരീക്ഷത്തില്‍ പൊടിപടലങ്ങളും നിറയും. കടല്‍ പ്രക്ഷുബ്ധമാകും. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ താഴ്ന്നപ്രദേശങ്ങളിലേക്ക് യാത്രപോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒന്നരവര്‍ഷത്തെ മഴയാണ് മൂന്നുദിവസംകൊണ്ട് യു.എ.ഇ.യില്‍ ലഭിച്ചതെന്ന് കഴിഞ്ഞദിവസം അധികൃതര്‍ അറിയിച്ചിരുന്നു. മൂന്നുദിവസംകൊണ്ട് 141.8 മില്ലീമീറ്റര്‍ മഴ ലഭിച്ചു. അടുത്തദിവസങ്ങളില്‍ അളവ് കൂടും.
ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളും മഴക്കെടുതിയിലാണ്. ഒമാനില്‍ കനത്ത കാറ്റും മഴയും തുടരുകയാണ്. ജനുവരി അഞ്ചുവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും ഇടിയോടുകൂടിയ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥാവിഭാഗം മുന്നറിയിപ്പ് നല്‍കി. വിവിധ ഗവര്‍ണറേറ്റുകളിലെ വാദികളിലും വീടുകളിലും കുടുങ്ങിയ ഒട്ടേറെപ്പേരെ അധികൃതര്‍ രക്ഷപ്പെടുത്തി. മഴക്കെടുതിയില്‍ ആറുപേര്‍ ഇതിനകം മരിച്ചു. സമായില്‍ ഗവര്‍ണറേറ്റില്‍ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കില്‍പ്പെട്ട് വാദി സുറൂര്‍ അരുവിയിലേക്ക് മറിഞ്ഞായിരുന്നു അപകടം. ഒമാന്റെ വടക്കന്‍മേഖലകളിലുണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായി. വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
സൗത്ത് ബത്തീന, റുസ്തഖ് മേഖലകളിലാണ് കഴിഞ്ഞദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ടായത്. കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെത്തുടര്‍ന്നായിരുന്നു മണിക്കൂറുകള്‍ നീണ്ടുനിന്ന മഴ. മഴയുള്ള സമയത്ത് വാദികള്‍ മുറിച്ചുകടക്കുകയോ വെള്ളമുയര്‍ന്ന സ്ഥലങ്ങളിലേക്ക് പോവുകയോ ചെയ്യരുതെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കി. ശക്തമായ ഒഴുക്കില്‍ വാഹനങ്ങള്‍ നിയന്ത്രണംവിട്ട് വെള്ളക്കെട്ടിലേക്ക് മറിയാനുള്ള സാധ്യതയുണ്ട്. പലതവണ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കിലും ജനങ്ങള്‍ അത് പാലിക്കാന്‍ കൂട്ടാക്കാത്തതാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് ക്യാപ്റ്റന്‍ മുനീര്‍ ബിന്‍ മുഹമ്മദ് പറഞ്ഞു.
കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലും മഴ തുടരുകയാണ്. എന്നാല്‍, ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ചില പ്രധാന റോഡുകളും ടണലുകളും താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. വിവിധയിടങ്ങളില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ ഒട്ടേറെപ്പേരെ രക്ഷപ്പെടുത്തി. അഗ്‌നിശമനസേനാവിഭാഗവും പോലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞദിവസം കുവൈത്ത് വിമാത്താവളത്തില്‍ 34 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തിയിരുന്നു. കുവൈത്തില്‍ വീടുകളിലും വാഹനങ്ങളിലും കുടുങ്ങിക്കിടന്ന 106 പേരെ അധികൃതര്‍ രക്ഷപ്പെടുത്തി.