തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് രാവിലെ രണ്ട് ജില്ലകളിലായിരുന്ന യെല്ലോ അലർട്ട്. എന്നാൽ, എറണാകുളം ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നേരത്തെ യെല്ലോ അലർട്ട് അറിയിച്ചിരുന്നു.മധ്യ കേരളത്തിൽ ഇന്ന് മഴ കനക്കാൻ സാധ്യത കൂടുതലാണ്. കാലവർഷത്തിന് മുന്നോടിയായി കാറ്റിന്റെ ഗതി അനുകൂലമാകുന്നതാണ് മഴ ശക്തിപ്രാപിക്കാൻ വഴിവെക്കുന്നത്. അതിനാൽ കൂടുതൽ മഴ മേഘങ്ങൾ കേരളത്തിന്റെ അന്തരീക്ഷത്തിലേക്ക് എത്തുന്നതിനാൽ മഴ മെച്ചപ്പെടുമെന്നാണ് വ്യക്തമാകുന്നത്.
അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനങ്ങളിങ്ങനെ: 28ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, 29ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, 31ന് പത്തനംതിട്ട, ഇടുക്കി, ജൂൺ ഒന്നിന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുളളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കേരള -കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ള സാഹചര്യത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്.