ദില്ലി: കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ സ്ഥിതി ഗുരുതരം. ഇന്ന് 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എൻഡിആർഎഫിന്റെ12 സംഘങ്ങൾ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചത് 20 പേരാണ്. 24 മണിക്കൂർ നേരത്തേക്ക് പുറത്ത് ഇറങ്ങരുതെന്നാണ് ജനങ്ങൾക്ക് നൽകിയിട്ടുള്ള മുന്നറിയിപ്പ്. പ്രധാന വിനോദ സഞ്ചാര മേഖലയിൽ എല്ലാം നദി കരകവിഞ്ഞു ഒഴുകുകയാണ്. ഷിംല, കുളു, സോലൻ, ലഹോൾ, കിന്നൗർ, മണ്ടി, ബിലാസ്പൂർ, സിർമൗർ ജില്ലകളിൽ ആണ് റെഡ് അലർട്ട്. മലയോര മേഖലകളിൽ ഇടിയും മിന്നലും ഒപ്പം അടക്കം ശക്തമായ മഴയ്ക്ക് സാധ്യത. അതേസമയം, മണാലിയിലേക്ക് പോയ മലപ്പുറം സ്വദേശികളായ കുടുബം അടക്കം 10 പേരെ ബന്ധപ്പെടാൻ കഴിയുന്നില്ല എന്ന് ബന്ധുക്കൾ പറഞ്ഞു. നേരത്തെ കുടുങ്ങിയ ഡോക്ടർമാർ അടക്കം 51 പേർക്ക് ഇന്നലെയും മടങ്ങാനായില്ല.
18 മെഡിക്കൽ വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കസോളിൽ കുടുങ്ങിയ തൃശൂർ മെഡിക്കൽ കോളേജിലെ 18 വിദ്യാർത്ഥികളെ ഇന്നലെ രാത്രി ഹോട്ടലിലേക്ക് മാറ്റി. കളമശേരി മെഡിക്കൽ കോളേജിലെ 17 വനിതാ ഡോക്ടർമാർ നിലവിൽ മണാലിയിലെ ഹഡിംബ ഹോം സ്‌റ്റെയിലാണുള്ളത്. 10 പുരുഷന്മാർ കോസ്കാറിലെ ഡോർമെട്രിയിലുണ്ട്. 6 മലയാളി മാധ്യമ പ്രവർത്തകരുടെ സംഘം മണ്ടിയിൽ തുടരുന്നു. 400 വിനോദ സഞ്ചാരികൾ പലയിടങ്ങളിൽ ആയി കുടുങ്ങി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.