ന്യൂഡൽഹി > രാജസ്ഥാനിൽ രണ്ട് സിറ്റിങ് സീറ്റുകളിലടക്കം സിപിഐഎം 17 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിറ്റിങ് സീറ്റായ ഹനുമൻഗഢ് ജില്ലയിലെ ഭദ്രയിൽ ബൽവൻ പുനിയ വീണ്ടും മൽസരിക്കും. മറ്റൊരു സിറ്റിങ് സീറ്റായ ബിക്കാനീറിലെ ദുംഗർഗഢിൽ ഗിർദാരിലാൽ മഹിയ വീണ്ടും ജനവിധി തേടും. സിപിഐഎം കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടറിയുമായ അമ്രാ റാം സിക്കർ ജില്ലയിലെ ദത്താരംഗഢിൽ മൽസരിക്കും. നാലുവട്ടം എംഎൽഎ ആയിട്ടുള്ള അമ്രാ റാം 2008 ൽ ദത്താരംഗഢിൽ ജയിച്ചിരുന്നു. മറ്റൊരു മുൻ എംഎൽഎയായ പേമാ റാം സിക്കറിലെ ദോഢിൽ ജനവിധി തേടും.
സിപിഐഎം മൽസരിക്കുന്ന മറ്റ് സീറ്റുകളും സ്ഥാനാർത്ഥികളും – ലക്ഷ്മൺഗഢ് – വിജേന്ദ്ര ധാക്ക, സിക്കർ – ഉസ്മാൻ ഖാൻ, ഹനുമാൻഗഢ് – രഘുവീർ വർമ, നോഹർ – മംഗേഷ് ചൗധുരി, റായ്സിങ് നഗർ – ഷോപ്പത്ത് റാം മെഘ്വാൾ, അനൂപ്ഗഢ് – ശോഭാ സിങ് ധില്ലൺ, ദുംഗർപ്പുർ – ഗൗതം തോമർ, താരാനഗർ – നിർമ്മൽകുമാർ പ്രജാപത്, സർദാർഷഹർ – ഛഗൻലാൽ ചൗധുരി, സാദുൽപ്പുർ – സുനിൽ പുനിയ, ജദൗൾ – പ്രേം പർഗി, ലഡ്നൂ – ഭഗീരഥ് യാദവ്, നവൻ – കാനാറാം ബിജാരനിയ.
സിക്കർ ജില്ലയിൽ നാലും ഹനുമൻഗഢ്, ചുരു ജില്ലകളിൽ മൂന്നുവീതവും ശ്രീഗംഗാനഗറിലും നഗൗറിലും രണ്ടുവീതവും ദുംഗർപ്പുർ, ബിക്കാനീർ, ഉദയ്പ്പുർ ജില്ലകളിൽ ഓരോ സീറ്റിലുമാണ് സിപിഐഎം സ്ഥാനാർത്ഥികൾ. സിപിഐഎം മൽസരിക്കാത്ത മണ്ഡലങ്ങളിൽ ബിജെപിയ്ക്കെതിരായി നിലകൊള്ളുമെന്ന് സംസ്ഥാന സെക്രട്ടറി അമ്രാ റാം അറിയിച്ചു. ഇന്ത്യാ കൂട്ടായ്മയുടെ അന്തസത്ത ഉൾകൊണ്ട് ബിജെപിയ്ക്കെതിരെ കൂട്ടായ നിലപാട് സ്വീകരിക്കാൻ രാജസ്ഥാനിൽ കോൺഗ്രസ് വിമുഖത കാട്ടിയെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അമ്രാ റാം പറഞ്ഞു.
സീറ്റ് ധാരണയ്ക്ക് കോൺഗ്രസ് നേതൃത്വം സന്നദ്ധമായില്ല. സിപിഐഎമ്മിന് മൂന്ന് സീറ്റ് പരമാവധി നൽകാമെന്നാണ് രാജസ്ഥാന്റെ ചുമതലയുള്ള ഹൈക്കമാന്റ് പ്രതിനിധി സുഖ്ജീന്ദർ സിങ് രൺധാവ പറഞ്ഞത്. നിലവിൽ സിപിഐമ്മിന് രണ്ട് സീറ്റുണ്ട്. രണ്ടിടങ്ങളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാമത് എത്തിയിരുന്നു. മറ്റ് അഞ്ച് മണ്ഡലങ്ങളിൽ 45000 ത്തിനടുത്ത് വോട്ടുണ്ട്. ബിജെപിക്കെതിരെ യോജിച്ച പോരാട്ടത്തിന് കോൺഗ്രസ് സന്നദ്ധമാകാത്ത സാഹചര്യത്തിലാണ് 17 സീറ്റിൽ സിപിഐഎം മൽസരിക്കുന്നത്. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടി ജനകീയ വിഷയങ്ങൾ സഭയിൽ എത്തിക്കുന്നതിന് പരമാവധി സിപിഐഎം സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും അമ്രാ റാം അഭ്യർത്ഥിച്ചു.