ജയ്പുർ∙ രാജസ്ഥാൻ നിയമസഭയിൽ പഴയ ബജറ്റ് വായിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഏഴ് മിനിറ്റോളം അദ്ദേഹം പഴയ ബജറ്റ് വായിച്ചു. ഇതു ശ്രദ്ധയിൽപെട്ട ചീഫ് വിപ്പ് മഹേഷ് ജോഷി മുഖ്യമന്ത്രിയെ തടഞ്ഞു. പിന്നാലെ, പ്രതിഷേധവുമായി പ്രതിപക്ഷമായ ബിജെപി സഭയിൽ ബഹളം വച്ചു. ക്രമസമാധാനം നിലനിർത്താൻ സ്പീക്കർ സി.പി.ജോഷി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ബഹളം തുടർന്നതോടെ 30 മിനിറ്റോളം സഭ നിർത്തിവച്ചു.
ബജറ്റ് ചോർന്നുവെന്നും ബിജെപി ആരോപിച്ചു. പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സഭ വീണ്ടും ചേർന്നയുടൻ ആരോപണങ്ങൾ തള്ളിയ ഗെലോട്ട്, ബജറ്റ് ചോർന്നിട്ടില്ലെന്നും കഴിഞ്ഞ വർഷത്തെ ബജറ്റിൽ നിന്നുള്ള ഒരു പേജ് റഫറൻസിനായി പുതിയ ബജറ്റിനൊപ്പം വച്ചിരുന്നതാണെന്നും വ്യക്തമാക്കി. രാജസ്ഥാന്റെ വികസനത്തിനും പുരോഗതിക്കും എതിരാണെന്ന് കാണിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഗെലോട്ടിനെ വിമർശിച്ച ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ, ബജറ്റ് വായിക്കാതെയും പരിശോധിക്കാതെയുമാണ് മുഖ്യമന്ത്രി ബജറ്റ് അവതരണത്തിനെത്തിയതെന്ന് പറഞ്ഞു. ഈ വർഷാവസാനം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലവിലെ സർക്കാരിന്റെ അവസാന ബജറ്റായിരിക്കും ഇത്.