ജയ്പൂർ: രാജസ്ഥാനിലെ പബ്ലിക് ഹെൽത്ത് എൻജിനീയറിങ് ഡിപ്പാർട്ട്‌മെന്റിലെ കാഷ്യറായ 35 കാരൻ 17 കാരിയായ പെൺകുട്ടിയെ സംസ്ഥാന സർക്കാരിന് കീഴിൽ സൗജന്യമായി മൊബൈൽ ഫോൺ നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു.ജലവിതരണ വകുപ്പിലെ കാഷ്യറായ ഇയാൾ വിദ്യാർഥിനിയായ പെൺകുട്ടിയെ മൊബൈൽ ഫോൺ സൗജന്യമായി നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോയി ബലാത്സംഗം ചെയ്‌തുവെനാനണ് ബന്ധുക്കളുടെ ആരോപണം. പ്രകോപിതരായ നാട്ടുകാർ കാഷ്യറെ പിടികൂടി ജലവിതരണ വകുപ്പിന്റെ പ്രധാന ഗേറ്റിന് മുന്നിലെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു. പ്രതിയെ മർദ്ദിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ നാട്ടുകാർ ഇയാളെ മർദിച്ച ശേഷം പൊലീസിനു കൈമാറാതെ വിട്ടയക്കുകയായിരുന്നു. അതിനാൽ പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
കാഷ്യർക്കെതിരെ ബലാത്സംഗക്കുറ്റത്തിന് പൊലീസ് കേസെടുത്തു. സർക്കാർ ജീവനക്കാരനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ പേര് സുനിൽ കുമാർ ജംഗിദ് എന്നാണെന്ന് പൊലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
ആഗസ്റ്റ് 10ന് രാവിലെ 11 മണിക്കാണ് സംഭവം. അമ്മ ജോലിക്ക് പോയിരിക്കുകയായിരുന്നതിനാൽ പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. അച്ഛൻ ജയ്പൂരിലാണെന്നും പൊലീസ് പറഞ്ഞു.സവായ് മധോപൂർ ജില്ലയിലെ ഗംഗാപൂർ സിറ്റി തഹസിൽ കുൻസയ് ഗ്രാമത്തിൽ താമസിക്കുന്ന സുനിൽ കുമാർ പെൺകുട്ടിയുടെ വീട്ടിലെത്തി സംസ്ഥാന സർക്കാർ മൊബൈൽ ഫോണുകൾ സൗജന്യമായി നൽകുന്നുണ്ടെന്നും പദ്ധതിയിൽ അവളുടെ നമ്പർ ഉണ്ടെന്നും പറഞ്ഞു. ഫോൺ ഉടൻ തീർന്നുപോകുമെന്നതിനാൽ വാങ്ങാൻ കാറിൽ കയറാൻ അയാൾ ആവശ്യപ്പെട്ടു.അമ്മയോട് സംസാരിക്കണമെന്ന് പെൺകുട്ടി പറഞ്ഞപ്പോൾ ഫോൺ വാങ്ങിവന്നിട്ട് അമ്മയോട് പറഞ്ഞാൽ മതിയെന്ന് അയാൾ നിർബന്ധിച്ചു. തുടർന്ന് സുനിൽ കുമാർ ജംഗിദ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാഹനത്തിൽ കയറ്റി തോഡഭീമിലേക്കുള്ള മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അതിനുശേഷം ഈദ്ഗാഹിലേക്കുള്ള വഴിയിൽ പെൺകുട്ടിയെ ഉപേക്ഷിച്ചു. നിലവിളിച്ചപ്പോൾ ഇയാൾ കത്തിയുപയോഗിച്ച് ആക്രമിച്ചതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. വിട്ടയക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.പെൺകുട്ടി വീട്ടിലെത്തി അമ്മയോട് സംഭവം വിവരിച്ചു. പിതാവ് വീട്ടിലെത്തിയപ്പോൾ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഡിപാർട്മെന്റിലെ ഒരു എക്സിക്യൂട്ടീവ് എൻജിനീയറുടെ സീനിയർ അസിസ്റ്റന്റാണ് പ്രതി. ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.