ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടിയായി യുവ പേസര്‍ പ്രസിദ്ധ് കൃഷ്ണയുടെ പരിക്ക്. പരിക്കുമൂലം ദീര്‍ഘനാളായി മത്സര ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന പ്രസിദ്ധ് കൃഷ്ണക്ക് സീസണ്‍ മുഴവന്‍ നഷ്ടമാവുമെന്ന് രാജസ്ഥാന്‍ അറിയിച്ചു. ഒപ്പം പകരക്കാരനെയും രാജസ്ഥാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ് കിംഗ്സിന്‍റെയും സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെയും മുന്‍ പേസറായ സന്ദീപ് ശര്‍മയാണ് പ്രസിദ്ധ് കൃഷ്ണയുടെ പകരക്കാരനായി രാജസ്ഥാന്‍ റോയല്‍സിലെത്തിയത്.
ഐപിഎല്ലില്‍ 104 മത്സരങ്ങളില്‍ കളിച്ച സന്ദീപ് ശര്‍മ 114 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യക്കായി രണ്ട് ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള 29കാരനായ സന്ദീപ് ശര്‍മയെ കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ ആരും സ്വന്തമാക്കിയിരുന്നില്ല. ട്രെന്‍റ് ബോള്‍ട്ടാണ് രാജസ്ഥാന്‍റെ പേസ് പടയെ നയിക്കുന്നത്.2022 ഓഗസ്റ്റിലെ സിംബാബ്‌വെ പര്യടനത്തിനിടെ പുറത്തേറ്റ പരിക്കിനെത്തുടര്‍ന്നാണ് പ്രസിദ്ധ് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താവുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ റണ്ണേഴ്സ് അപ്പായ രാജസ്ഥാനു വേണ്ടി 19 വിക്കറ്റുകള്‍ വീഴ്ത്തി പ്രസിദ്ധ് തിളങ്ങിയിരുന്നു. ഈ മാസം 31ന് തുടങ്ങുന്ന ഐപിഎല്ലില്‍ ഏപ്രില്‍ രണ്ടിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആണ് രാജസ്ഥാന്‍റെ ആദ്യ മത്സരം.
രാജസ്ഥാന്‍ റോയല്‍സ് ടീം: സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, ഷിമ്രോൺ ഹെറ്റ്‌മെയർ, ജോ റൂട്ട്, ദേവ്ദത്ത് പടിക്കൽ, ജോസ് ബട്ട്‌ലർ, ധ്രുവ് ജുറൽ, റിയാൻ പരാഗ്, സന്ദീപ് ശർമ്മ, ട്രെന്‍റ് ബോൾട്ട്, ഒബേദ് മക്കോയ്, നവ്ദീപ് സൈനി, കുൽദീപ് സെൻ, കുൽദീപ് യാദവ്, ആർ അശ്വിൻ യുസ്‌വേന്ദ്ര ചാഹൽ, കെസി കരിയപ്പ, ജേസൺ ഹോൾഡർ, ഡോണോവൻ ഫെരേര, കുനാൽ റാത്തോഡ്, ആദം സാമ്പ, കെ എം ആസിഫ്, മുരുകൻ അശ്വിൻ, ആകാശ് വസിഷ്ത്, അബ്ദുൾ പിഎ.