ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തിരക്കിട്ട ശ്രമം. അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശപ്രകാരം നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനും ഗെഹലോട്ട് പക്ഷത്തെ എം.എൽ.എമാരെ കണ്ട് അഭിപ്രായം തേടും. ശേഷം വിവരങ്ങൾ സോണിയ ഗാന്ധിയെ അറിയിക്കും. പിന്നിട് നിയമസഭാ കക്ഷി യോഗം ചേർന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കിയേക്കും. ഗെഹലോട്ടിനെ മുഖ്യമന്ത്രി പദത്തിൽ തുടരാൻ അനുവദിക്കണം, അല്ലെങ്കിൽ ഭൂരിഭാഗം പേർ നിർദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണം എന്നാണ് എം.എൽ.എമാരുടെ ആവശ്യം.
അതേസമയം പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന തീരുമാനത്തിൽനിന്ന് ഹൈക്കമാൻഡ് പിൻമാറിയതായാണ് സൂചന. എം.എൽ.എമാർ കടുത്ത എതിർപ്പുയർത്തിയ സാഹചര്യത്തിൽ അത് പരിഗണിക്കാതെ മുന്നോട്ടുപോയാൽ രാജസ്ഥാനിലും പഞ്ചാബ് ആവർത്തിക്കുമോ എന്ന ഭയം ദേശീയ നേതൃത്വത്തിനുണ്ട്. പഞ്ചാബിൽ അമരീന്ദർ സിങ്-സിദ്ദു പോരിൽ ഹൈക്കമാൻഡ് സ്വീകരിച്ച നിലപാടാണ് സംസ്ഥാനത്ത് ഭരണം നഷ്ടപ്പെടാൻ കാരണമെന്ന വിമർശനം ശക്തമാണ്. സച്ചിൻ പൈലറ്റിനോടും ഗെഹലോട്ടിനോടും ഡൽഹിയിൽ എത്താൻ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.