തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഇതുവരെ സംസ്ഥാന സർക്കാർ സി.ബി.ഐക്ക് കൈമാറിയിട്ടില്ലെന്ന് ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ.
കേസ് സി.ബി.ഐക്ക് കൈമാറുമെന്ന് കേരള സർക്കാർ ഉറപ്പ് നൽകിയതാണ്. ഇന്നുവരെ കേസ് സി.ബി.ഐക്ക് കൈമാറിയിട്ടില്ല. സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ സർവകലാശാല തിരിച്ചെടുത്തതും കാണുമ്പോൾ ഇത് തെളിവ് നശിപ്പിക്കുന്നത് പോലെയാണ് തോന്നുന്നത്. സി.ബി.ഐക്ക് കേസ് കൈമാറുന്നതിൽ എന്താണ് താമസമെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, കോളേജ് പുറത്താക്കിയ 33 വിദ്യാർഥികളെ തിരിച്ചെടുത്ത പുതുതായി ചുമതലയേറ്റ വൈസ് ചാൻസലർ ഡോ. പി.സി ശശീന്ദ്രന്റെ നടപടി റദ്ദാക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശം നൽകി. സസ്പെൻഷൻ പിൻവലിച്ചതിൽ ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടു. വി.സിക്കെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് സിദ്ധാർഥന്‍റെ പിതാവ് ടി. ജയപ്രകാശ് പറഞ്ഞു.