തിരുവനന്തപുരം > തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ സ്വത്തുവിവരം മറച്ചുവച്ച് നാമനിർദേശപത്രിക നൽകിയ സംഭവത്തിൽ മറുപടിയില്ലാതെ ബിജെപി. ഇക്കാര്യത്തിൽ രാജീവ് ചന്ദ്രശേഖറിനെ ന്യായീകരിക്കാനോ, പ്രതിരോധിക്കാനോ നേതാക്കൾ തയാറാകുന്നില്ല. പരാതികൾ അന്വേഷിച്ച് കണ്ടെത്തട്ടേയെന്നാണ് നേതൃത്വത്തിന്റെ നിലപാട്. തനിക്കെതിരായി ഉയരുന്ന രാഷ്‌ട്രീയ ആരോപണങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കാറുള്ള രാജീവ് ചന്ദ്രശേഖറും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ആദായനികുതി വകുപ്പ് പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ വിവരങ്ങളാണ് സത്യവാങ്‌മൂലത്തിൽ നൽകിയിട്ടുള്ളതെന്ന് ബിജെപിയുടെ അഭിഭാഷകർ വാദിക്കുന്നുണ്ട്.
രാജീവ് ചന്ദ്രശേഖറിന് മുഖ്യ ഓഹരിയുള്ള ഇന്ത്യയിലെ പ്രധാന ധനസ്ഥാപനമായ ജൂപ്പിറ്റർ ക്യാപിറ്റൽ ഉൾപ്പെടെയുള്ള ആസ്തികളുടെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി എൽഡിഎഫും യുഡിഎഫും പരാതി നൽകിയിരുന്നു. സുപ്രീംകോടതി അഭിഭാഷക ആവണി ബൻസൽ നൽകിയ പരാതി പരിഗണിച്ച് വസ്‌തുത അന്വേഷിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ കേന്ദ്ര പ്രത്യക്ഷനികുതി ബോർഡിനോട് നിർദേശിക്കുകയും ചെയ്‌തു. മൂന്നുതവണ രാജ്യസഭാംഗമായിരുന്നയാളാണ് രാജീവ് ചന്ദ്രശേഖർ. കേന്ദ്രസഹമന്ത്രിയും ഇന്ത്യയിലെ അറിയപ്പെടുന്ന വ്യവസായിയുമാണ്. എന്നിട്ടും കഴിഞ്ഞവർഷത്തേക്കാൾ സ്വത്ത് കുറച്ചാണ് ഇത്തവണ സത്യവാങ്‌മൂലം നൽകിയിരിക്കുന്നത്.