ദില്ലി: കേരളത്തിൽ ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സ്പീക്കർ എം ബി രാജേഷ്. ലൗ ജിഹാദ് അടിസ്ഥാന രഹിതമാണെന്ന് സുപ്രീംകോടതിയും കേന്ദ്ര സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ലൗ ജിഹാദ് വിഷയത്തിൽ ജോർജ് എം തോമസിന് നാക്കുപിഴച്ചതാക്കാമെന്നും എം ബി രാജേഷ് പറഞ്ഞു. വർഗീയ വിഭജനത്തിനുള്ള ശ്രമങ്ങളെ എല്ലാ ജനാധിപത്യ മതേതര വാദികള്‍ ചെറുക്കണം. കേരളത്തിലാണ് ഏറ്റവും കൂടുതൽ മിശ്ര വിവാഹിതർ ഉള്ളത്. പൊലീസിൻ്റെ ഭാഗത്ത് നിന്ന് നിഷേധാത്മകമായ നിലപാട് ഉണ്ടായിയെന്ന് കരുതുന്നില്ലെന്നും എം ബി രാജേഷ് പ്രതികരിച്ചു. മതനിരപേക്ഷ ജീവിതം സാധ്യമായ അപൂർവ്വം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ലൗ ജിഹാദ് എന്നൊന്ന് പാർട്ടി രേഖയിൽ ഇല്ല എന്ന് ഉറപ്പിച്ചു പറയാം. താൻ പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ആളാണെന്നും എം ബി രാജേഷ് പറഞ്ഞു.
അതേസമയം, ലൗ ജിഹാദ് വിഷയത്തിൽ ജോർജ് എം തോമസിനെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ രംഗത്തെത്തി. ജോർജിന് സംഭവിച്ചത് നാക്ക് പിഴയാണ്. ഇക്കാര്യം ജോർജിനും ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പി മോഹനൻ വിശദീകരിച്ചു. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ ഷെജിൻ നേരത്തെ അറിയിച്ചിരുന്നെങ്കിൽ പാർട്ടി ഇടപെട്ട് വിവാഹം നടത്തിക്കൊടുക്കുമായിരുന്നു എന്നും പി മോഹനൻ കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ആര്‍എസ്എസ് ഉപയോഗിക്കുന്ന പദപ്രയോഗം മാത്രമാണ് ലൗ ജിഹാദ്. കോടഞ്ചേരിയിൽ ഈ വിവാഹം മുൻ നിർത്തി പാർട്ടിക്കെതിരായ പ്രചാരണം നടക്കുന്നു. അത് വിശദീകരിക്കാന്‍ വേണ്ടിയാണ് ഇന്ന് സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്, അത് അടക്കം തിരുത്താനാണ് പൊതുയോഗം. ലൗ ജിഹാദിനെ പറ്റിയുള്ള പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ഷെജിനും ജോയ്സനയ്ക്കും ആവശ്യമെങ്കിൽ പാർട്ടി സംരക്ഷണം ഉറപ്പാക്കുമെന്നും പി മോഹനൻ അറിയിച്ചു. പ്രായപൂർത്തിയായ ആർക്കും ഒരുമിച്ച് ജീവിക്കാൻ അവകാശമുണ്ട്. ഷെജിനെതിരെ നടപടി പരിഗണനയിൽ ഇല്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.