ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ നളിനി ശ്രീഹരന്‍റേയും പി.രവിചന്ദ്രന്‍റേയും മോചന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ആർട്ടിക്കിൾ 142ന്‍റെ പ്രത്യേകാധികാരം ഉപയോഗിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് കോടതി പറഞ്ഞു. ഈ അധികാരം ഉപയോഗിച്ചായിരുന്നു എ.ജി. പേരറിവാളനെ കഴിഞ്ഞ മാസം 18ന് സുപ്രീം കോടതി ജയിൽ മോചിതനാക്കിയത്. പ്രതികൾക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
മെയ് 18നാണ് പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. സമ്പൂർണ്ണ നീതി ഉറപ്പാക്കാൻ ഭരണഘടന സുപ്രീംകോടതിക്ക് നല്കുന്ന അധികാരം ഉപയോഗിച്ചാണ് ഉത്തരവ്. സംസ്ഥാന സർക്കാർ ശുപാർശ നല്കിയിട്ടും ഗവർണർ അത് നടപ്പാക്കാത്തതിൽ രൂക്ഷ വിമർശനം സുപ്രീം കോടതി ഉന്നയിച്ചിരുന്നു.മുപ്പതു കൊല്ലത്തിലധികം ജയിലിൽ കഴിഞ്ഞ ശേഷമാണ് പേരറിവാളന്‍ മോചിതനായത്. മോചനത്തിനുള്ള അപേക്ഷ പേരറിവാളൻ തമിഴ്നാട് ഗവർണ്ണർക്ക് 2015ലാണ് നല്കിയത്. എന്നാൽ തീരുമാനം എടുക്കാതെ ഗവർണ്ണർ ഇതു നീട്ടിക്കൊണ്ടു പോയപ്പോഴാണ് പേരറിവാളൻ സുപ്രീംകോടതിയിൽ എത്തിയത്. പിന്നീട് തമിഴ്നാട് സർക്കാർ മോചനത്തിന് ശുപാർശ നല്കിയെങ്കിലും ഗവർണ്ണർ തീരുമാനം രാഷ്ട്രപതി എടുക്കട്ടെ എന്ന നിലപാട് സ്വീകരിച്ചു.
മന്ത്രിസഭയുടെ ശുപാർശ അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കണ്ടെതെന്ന് സുപ്രീം കോടതി 29 പേജുള്ള വിധിന്യായത്തിൽ പറയുന്നു. സർക്കാരിന്റെ ചുരുക്കം മാത്രമാണ് ഗവർണർ. സ്വന്തം ഇഷ്ടപ്രകാരം തീരുമാനം എടുക്കരുതെന്നും നീരീക്ഷിച്ചു. ഭരണഘടനയുടെ 142ആം അനുച്ഛേദം നല്കുന്ന അധികാരം ഉപയോഗിച്ച് കോടതി തന്നെ മോചനത്തിന് ഉത്തരവിടുകയാണെന്നും ജസ്റ്റ് എൽ നാഗേശ്വർ റാവു അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.സമാനകളില്ലാത്ത പോരാട്ടത്തിന്റെ വിജയമാണിതെന്ന് പേരറിവാളന്റെ അഭിഭാഷകൻ പറഞ്ഞിരുന്നു. ഈ വർഷം മാർച്ചിൽ കോടതി പേരറിവാളന് ജാമ്യം നല്കിയിരുന്നു. ഗവർണ്ണറുടെ അധികാരം പോലുള്ള ഭരണഘടന വിഷയങ്ങളിൽ കോടതി 142ആം അനുച്ഛേദം പ്രയോഗിക്കുന്നത് അസാധാരണമാണ്.