അഹ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ട് നഗരത്തിൽ പ്രവർത്തിക്കുന്ന വിനോദകേന്ദ്രത്തിൽ (ഗെയിമിങ് സോൺ) ഉണ്ടായ തീപിടിത്തത്തിൽ 27 പേർ മരിച്ച സംഭവത്തിൽ സ്വമേധയ കേസെടുത്ത് അഹ്മദാബാദ് ഹൈകോടതി. മനുഷ്യ നിർമിത ദുരന്തമാണുണ്ടായതെന്ന് നിരീക്ഷിച്ച കോടതി മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.അനുമതിയില്ലാതെയാണ് ഗെയിമിങ് സോണുകളും വിനോദ സൗകര്യങ്ങളും നിർമിച്ചതെന്നും ജസ്റ്റിസുമാരായ ബിരേൻ വൈഷ്ണവ്, ദേവൻ ദേശായി എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. അഹ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട് മുനിസിപ്പാലിറ്റികളുടെ അഭിഭാഷകരോട് തിങ്കളാഴ്ച നേരിട്ട് ഹാജരാകാനും ഏത് നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഗെയിമിങ് സോൺ നിർമാണത്തിനും പ്രവർത്തനത്തിനും അനുമതി നൽകിയതെന്ന് വിശദീകരിക്കാനും കോടതി നിർദേശിച്ചു.
ഗുജറാത്ത് സമഗ്ര പൊതുവികസന നിയന്ത്രണ ചട്ടങ്ങളിലെ (ജി.ഡി.സി.ആർ) പഴുതുകൾ ഉപയോഗപ്പെടുത്തിയാണ് ഇവ നിർമിച്ചതെന്നാണ് റിപ്പോർട്ടുകൾ. സ്ഥിരം നിർമാണത്തിന് ഫയർ എൻ.ഒ.സി, നിർമാണാനുമതി ഉൾപ്പെടെ അനുമതി ലഭിക്കുന്നതിലെ തടസ്സം മറികടക്കാനാണ് രാജ്കോട്ടിലെ ടി.ആർ.പി ഗെയിം സോണിൽ താൽക്കാലിക സംവിധാനം ഉണ്ടാക്കിയതെന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണ്. പെട്രോൾ, ഫൈബർ, ഫൈബർ ഗ്ലാസ് ഷീറ്റുകൾ തുടങ്ങി വേഗം തീപിടിക്കുന്ന വസ്തുക്കളുടെ ശേഖരം ഗെയിമിങ് സോണിലുണ്ടായിരുന്നു. രാജ്കോട്ടിൽ മാത്രമല്ല, അഹ്മദാബാദ് നഗരത്തിലും നിരവധി ഗെയിം സോണുകൾ ഉയർന്നുവന്നിട്ടുണ്ട്. അവ പൊതു സുരക്ഷക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് വലിയ ഭീഷണിയാണെന്നും കോടതി പറഞ്ഞു.
കുട്ടികളടക്കം 27 പേരാണ് ശനിയാഴ്ചയുണ്ടായ തീപിടിത്തത്തിൽ മരിച്ചത്. ഞായറാഴ്ച ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സംഭവസ്ഥലവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.