കൊച്ചി : തൃക്കാക്കര തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ കനത്ത പരാജയത്തിൽ കെ വി തോമസിനെ പരിഹസിച്ച് കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. കോൺഗ്രസിൽ നിന്ന് പുറത്ത് പോയ വിസർജ്യങ്ങളെ കൂട്ടുപിടിച്ചായിരുന്നു തൃക്കാക്കരയിൽ എൽഡിഎഫ് പ്രചാരണം. കുമ്പളങ്ങിയിൽ നിന്ന് സിൽവർലൈൻ ആരംഭിക്കാൻ മുഖ്യ മന്ത്രി നടപടി സ്വീകരിക്കണം. കെ വി തോമസിന് മുഖം മറക്കാതെ പുറത്തിറങ്ങാനാവില്ലെന്നും ഉണ്ണിത്താൻ പ്രതികരിച്ചു. മുഖ്യമന്ത്രി ഇനി അഹങ്കാരം കുറയ്ക്കണം. പ്രചാരണം നയിച്ചത് മുഖ്യമന്ത്രി അല്ലെന്ന വാദം എട്ടുകാലി മമ്മൂഞ്ഞ് നയമാണെന്നും അദ്ദേഹം പറഞ്ഞു. പത്താം റൗണ്ട് എണ്ണിത്തീരുമ്പോൾ 20000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമാ തോമസ് കുതിക്കുന്നത്.
തൃക്കാക്കര നഗരസഭയിലെ വോട്ടെണ്ണി കഴിയുമ്പോൾ ഉമ പിന്നോട്ട് പോയാലും പിടിയേക്കാൾ മികച്ച ഭൂരിപക്ഷത്തിലേക്ക് ഉമ നീങ്ങും എന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. തൃക്കാക്കരയിലെ കൊച്ചി നഗരസഭയുടെ ഭാഗമായ മേഖലകളിലാണ് ഇപ്പോൾ വോട്ടെണ്ണൽ പുരോഗമിക്കുന്നത്. നഗരമേഖലയിലെ വോട്ടെണ്ണൽ തീരുമ്പോൾ തന്നെ ഉമാ തോമസിൻ്റെ ലീഡ് 15,000-ത്തിന് മുകളിലേക്കെത്തും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
അതേസമയം തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിൽ പ്രതികരിക്കാൻ എൽഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ് തയ്യാറായില്ല. സിപിഎം എറണാകുളം ആസ്ഥാനമന്ദിരമായ ലെനിൻ സെൻ്ററിലുണ്ടായിരുന്ന ഡോ.ജോ ജോസഫ് നാലാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞതിന് പിന്നാലെ സെക്രട്ടറിയുടെ ഓഫീസിന് പുറത്തേക്ക് പോയി. അൽപസമയം കഴിഞ്ഞ് പ്രതികരിക്കാം എന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഇതിനിടെ എത്തിയ സിപിഎം സംസ്ഥാന സമിതി അംഗം ദിനേശ് മണി മാധ്യമപ്രവര്‍ത്തകരോട് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടു.