തിരുവനന്തപുരം: കേരളത്തിൽ ഒഴിവുവരുന്ന മൂന്ന് രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 25നാണ് തെരഞ്ഞെടുപ്പ് നടക്കുക. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എന്നിവരുടെ കാലാവധി ജൂൺ ഒന്നിന് അവസാനിക്കും.
നിലവിലെ നിയമസഭ പ്രാതിനിധ്യം അനുസരിച്ച് എൽ.ഡി.എഫിന് രണ്ടു പേരെയും യു.ഡി.എഫിന് ഒരാളെയും വിജയിപ്പിക്കാനുള്ള അംഗസംഖ്യയേയുള്ളൂ. മുന്നണിയിലെ വലിയ കക്ഷിയായ സി.പി.എം അവരുടെ സീറ്റിൽ വിട്ടുവീഴ്ച ചെയ്യില്ല. രണ്ടാമത്തെ സീറ്റ് ആർക്കെന്ന തർക്കം മുന്നണിയിൽ ഉയർന്നിട്ടുണ്ട്. സീറ്റിലേക്ക് സി.പി.ഐയും കേരള കോൺഗ്രസ് മാണിയും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
ഒഴിവുവരുന്ന ഒരു സീറ്റിൽ അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസ് നീക്കം സജീവമാക്കിയതോടെയാണ് സി.പി.ഐയും കടുപ്പിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനു വേണ്ടി കാഞ്ഞിരപ്പള്ളി, ഇരിക്കൂർ സീറ്റുകൾ വിട്ടുനൽകിയതടക്കം സി.പി.ഐ ചൂണ്ടിക്കാട്ടുന്നു. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയെന്ന നിലയിൽ സീറ്റിന് അർഹതയുണ്ടെന്നാണ് നേതാക്കളുടെ വാദം.
രാജ്യസഭാംഗത്വവുമായാണ് യു.ഡി.എഫിൽ നിന്ന് കേരള കോൺഗ്രസ് എൽ.ഡി.എഫിലേക്ക് ചാടിയത്. യു.ഡി.എഫിലായിരിക്കെ 2018ൽ ജയിച്ച രാജ്യസഭ സീറ്റ് ഇടതു പ്രവേശനത്തിന് തൊട്ടുപിന്നാലെ 2021 ജനുവരിയിൽ ജോസ് കെ. മാണി രാജിവെച്ചിരുന്നു. 2021 നവംബറിലാണ് ഇടതുമുന്നണിയുടെ ഭാഗമായി വീണ്ടും രാജ്യസഭയിലേക്ക് ജോസ് തെരഞ്ഞെടുക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് കേരള കോൺഗ്രസ് വാദം. ജോസ് കെ. മാണിക്ക് വീണ്ടും രാജ്യസഭ ടിക്കറ്റാണ് കേരള കോണ്‍ഗ്രസിന്റെ ലക്ഷ്യം. സി.പി.എമ്മിൽ എം. സ്വരാജിന്റെയടക്കം പേരുകളാണ് പരിഗണനയിൽ.
യു.ഡി.എഫിനുള്ള ഒരു രാജ്യസഭ സീറ്റ് മുസ് ലിം ലീഗിന് നൽകാനാണ് തത്വത്തിൽ ധാരണ. ഇത്തവണത്തെ സീറ്റ് ലീഗിന് നൽകാനും അടുത്ത തവണത്തേത് കോൺഗ്രസ് എടുക്കാനുമാണ് തീരുമാനം. ലീഗിന്റെ സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.