കോട്ടയം > അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിലേക്ക് എത്തിച്ചു. തിരുനക്കരയിലേയും തറവാട് വീട്ടിലെയും പണിപുരോഗമിക്കുന്ന ഉമ്മൻ ചാണ്ടിയുടെ വീട്ടിലെയും പൊതു ദര്‍ശനത്തിന് ശേഷമാണ് പള്ളിയിലേക്ക് മൃതദേഹം എത്തിച്ചത്. ശുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ മുഖ്യകാര്‍മികത്വം വഹിക്കും. 20 മെത്രാപ്പൊലിത്തമാരും 1000 പുരോഹിതന്‍മാരും സഹകാര്‍മികരാകും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മന്ത്രിമാരായ സജി ചെറിയാൻ, വി എൻ വാസവൻ ഉൾപ്പെടെയുള്ളവർ പള്ളിയിലെത്തിയിട്ടുണ്ട്.
തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ഇന്നലെ രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര 28 മണിക്കൂർ കഴിഞ്ഞാണ് തിരുനക്കര എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ്, മന്ത്രിമാര്‍, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങള്‍ ഉള്‍പ്പടെ നിരവധി ആളുകള്‍ ഇവിടെ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.