മംഗളൂരു: ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ഭക്തജനങ്ങളുടെ സംഭാവനകൾ കൊണ്ട് അയോധ്യയിൽ പണിത രാമക്ഷേത്രം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് അവകാശപ്പെട്ടതല്ലെന്ന് ഉഡുപ്പി പേജാവർ മഠാധിപതി വിശ്വപ്രസന്ന തീർഥ സ്വാമി പറഞ്ഞു. ക്ഷേത്രം ബിജെപിയുടേതാണെന്ന മുൻ മന്ത്രി എച്ച്. ആഞ്ജനേയയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രാമ ജന്മഭൂമി തീർഥ ക്ഷേത്രം ട്രസ്റ്റി കൂടിയായ മഠാധിപതി.
‘രാമക്ഷേത്രം മുഴുവൻ ഇന്ത്യക്കാരുടേതുമാണ്. സർവേശ്വരൻ ക്ഷേത്രത്തിനകത്ത് മാത്രമല്ല മുഖ്യമന്ത്രി സിദ്ധാരാമയ്യയിലടക്കം എല്ലാവരിലും ഉണ്ട്. അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന വിഗ്രഹം സംബന്ധിച്ച് ഈ മാസം 17നേ തീരുമാനമെടുക്കൂ’ -സ്വാമി പറഞ്ഞു.
വിഗ്രഹം എഴുന്നള്ളിപ്പും സരയൂ നദിയിലെ തീർഥ ജലത്തിൽ അഭിഷേകവും നടക്കും. മൂന്ന് വിഗ്രഹങ്ങളാണ് പരിഗണനയിലുള്ളത്. രണ്ടെണ്ണം കറുപ്പും ഒരെണ്ണം വെള്ളയും ഗ്രാനൈറ്റിൽ പണിതതാണ്. ബിജെപിയുടെ രാമക്ഷേത്രം ഉദ്ഘാടനത്തിന് കർണാടക മുഖ്യമന്ത്രി എന്തിന് അയോധ്യയിൽ പോവണം, സിദ്ധാരാമയ്യ തന്നെ രാമനാണ് എന്നായിരുന്നു ആഞ്ജനേയ പറഞ്ഞത്. നാട്ടിൽ തന്നെ രാമക്ഷേത്രങ്ങൾ ഉണ്ടല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.