ലഖ്നോ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം. അയോധ്യയിൽ ഹോട്ടൽ നിരക്ക് കുതിച്ചുയരുകയാണ്. പല ഹോട്ടലുകളുടേയും നിരക്ക് അഞ്ചിരട്ടിയലധികമാണ്. ജനുവരി 22-ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ നിരവധി പേരാണ് പങ്കെടുക്കുന്നത്. അയോധ്യയിലെ ഹോട്ടലുകളിലെ ശരാശരി ദിവസ വാടക 75,000 രൂപയോളം ഉയർന്നിട്ടുണ്ട്.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയേത്തുടർന്ന് സമീപ നഗരങ്ങളിലെയും ഹോട്ടൽ നിരക്കിൽ വൻ വർധനയുണ്ടായിട്ടുണ്ട്. ഉദ്ഘാടനതീയതിക്ക് വളരെ മുന്നേതന്നെ അയോധ്യാ നഗരത്തിലെ വലിയ പല ഹോട്ടലുകളിലെയും മുറികൾ പൂർണമായും ബുക്ക് ചെയ്യപ്പെട്ടിരുന്നു. പ്രധാനമായും ലഖ്നോ, പ്രയാഗ് രാജ്, ഗോരഖ്പുർ എന്നിവിടങ്ങളിലെ ഹോട്ടൽ നിരക്കാണ് കുതിച്ചുയർന്നിരിക്കുന്നത്.
അയോധ്യയിലെ ഒരു സാധാരണ ഹോട്ടലിലെ ആറ് കിടക്കകളുള്ള മുറിക്ക് 147,500 രൂപയാണ് ഹോട്ടൽ ബുക്കിങ് സൈറ്റുകളിലെ നിരക്ക്. ഇതിൽ കൂടിയും കുറഞ്ഞുമാണ് മറ്റു പല ഹോട്ടലുകളിലെയും നിരക്ക്. സാധാരണയായി രണ്ടായിരത്തിൽ താഴെ മാത്രം നിരക്ക് ഈടാക്കിയിരുന്ന ഹോട്ടലുകളാണ് ഇവയിൽ പലതും. പല വിനോദസഞ്ചാര കേന്ദ്രങ്ങളിലേതിനേക്കാൾ ഏഴുപത് ശതമാനത്തിലധികം ഹോട്ടൽ ബുക്കിങ് ആണ് അയോധ്യയിൽ ഈ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതെന്ന് ഒയോ സി.ഇ.ഒ റിതേഷ് അഗർവാൾ വ്യക്തമാക്കി.