ലഖ്നോ: സമാജ്വാദി പാർട്ടി- കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ ബറാബങ്കിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു മോദി. അയോധ്യയിൽ നിന്ന് 70 കിലോമീറ്റർ അകലമുണ്ട് ബറാബങ്കിയിലേക്ക്.
”രാമക്ഷേത്രം പുനർനിർമിക്കണമെന്ന കോടതി വിധി മാറ്റണമെന്നാണ് എസ്.പി-കോൺഗ്രസ് സഖ്യത്തിന്റെ ആഗ്രഹം. രാമക്ഷേത്രം ഉപയോഗശൂന്യമാണെന്നാണ് അവർ പറയുന്നത്. കെട്ടിവെച്ച പണം പോലും തിരിച്ചുകിട്ടാൻ സാധിക്കാത്ത രീതിയിൽ അവർക്ക് കടുത്ത ശിക്ഷ തന്നെ നൽകണം.”-മോദി ആഹ്വാനം ചെയ്തു.
ഇൻഡ്യ സഖ്യത്തിന് പുറത്ത് നിന്ന് പിന്തുണ നൽകുമെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഖ്യാപനത്തെയും മോദി പരിഹസിച്ചു. അടുത്ത സർക്കാരുണ്ടാക്കാനായി രൂപവത്കരിച്ച സഖ്യം തെരഞ്ഞെടുപ്പിന്റെ നാലുഘട്ടം കഴിയുന്നതോടെ തകർന്നടിയുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നതെന്നായിരുന്നു മോദിയുടെ പരിഹാസം.
”തെരഞ്ഞെടുപ്പ് ഓരോഘട്ടമായി പുരോഗമിക്കുമ്പോൾ ചീട്ട് കൊട്ടാരം തകർന്നടിയുന്നത് പോലെ ഇൻഡ്യ സഖ്യം തകരും. സമാജ്വാദി പാർട്ടിയുടെ രാജകുമാരൻ ഈയടുത്ത കാലത്താണ് ബംഗാളിലെ അമ്മായിയെ കണ്ടെത്തിയത്. ഈ അമ്മായി പറയുന്നത് ഇൻഡ്യ സഖ്യത്തിന് പുറത്തുനിന്ന് പിന്തുണക്കുമെന്നാണ്.”-മോദി പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും മോദി ലക്ഷ്യം വെച്ചു. ”രാജകുമാരൻ ഇപ്പോഴേ വിമാനടിക്കറ്റുകൾ ബുക്ക് ചെയ്തു കഴിഞ്ഞു. ജൂൺ നാലിന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചാലുടൻ വിദേശത്തേക്ക് പറക്കാനുള്ള തയാറെടുപ്പിലാണ്. അമേത്തിയിലെ പോലെ രാഹുൽ വയനാട്ടിൽ നിന്നും ഒളിച്ചോടും. അമേത്തിയിൽ നിന്ന് മത്സരിക്കാനുള്ള ധൈര്യം രാഹുലിനില്ല.”-മോദി പറഞ്ഞു.