റായ്പൂര്‍ : ഛത്തീസ്ഗഡിലെ മിന്നും വിജയത്തിന്റെ ആഘോഷത്തിൽ ബിജെപി. ഭൂരിപക്ഷം എക്സിറ്റ് പോളുകളും കോൺഗ്രസിന് ഭരണത്തുടര്‍ച്ച പ്രവചിച്ചെങ്കിലും വിജയം ഇത്തവണ ബിജെപിക്ക് ഒപ്പം നിൽക്കുന്ന കാഴ്ചയാണ്. ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് 54 സീറ്റുകളിൽ ബിജെപിയും കോൺഗ്രസ് 35 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്. സംസ്ഥാനത്തിന്റെ ഗോത്ര മേഖലകൾ കോൺഗ്രസിനെ കൈ വിട്ടു. ബിലാസ്പൂർ, ഭിലായ് എന്നിവിടങ്ങൾ കോൺഗ്രസിൽ നിന്നും ബിജെപി തിരിച്ചു പിടിച്ചു. കൂടുതൽ സീറ്റുകളിൽ ലീഡ് ചെയ്യുന്ന സാഹചര്യത്തിൽ ബിജെപി നേതാവ് രമൺ സിങ്ങ് മാധ്യമങ്ങളെ കണ്ടു. ഛത്തീസ്ഗഢിൽ ബിജെപി സർക്കാരുണ്ടാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജനം വോട്ട് ചെയ്തുവെന്നും രമൺ സിങ്ങ് പ്രതികരിച്ചു. സ്ത്രീകളും യുവാക്കളും ബിജെപിക്ക് ഒപ്പം നിന്നതാണ് വിജയത്തിന് കാരണമെന്നും രമൺസിംഗ് കൂട്ടിച്ചേര്‍ത്തു.