അടൂർ : താൻ പഠിപ്പിച്ച സ്കൂളിലെ കുട്ടികൾ കായികമത്സരങ്ങളിൽ ഉയരങ്ങളിൽ എത്തണം, ഇതായിരുന്നു റിട്ട. അധ്യാപിക പെരിങ്ങനാട് തെക്കുംമുറി രമണികയിൽ രമണിക്കുട്ടിയമ്മയുടെ സ്വപ്നം. ഇതിനായി രമണിക്കുട്ടിയമ്മ സ്കൂളിന് ദാനമായി നൽകിയത് ഒരു കോടി രൂപ വിലവരുന്ന 50 സെന്റ് സ്ഥലം. സ്കൂളിലെ കുട്ടികൾക്ക് കായികപരിശീലനത്തിനാണ് സ്ഥലം നൽകിയത്. പക്ഷേ ഒന്നും സംഭവിച്ചില്ല. ഈ സ്ഥലം ഒന്നിനും വിനിയോഗിക്കാതെ തുറസായി തന്നെ കിടക്കുകയാണ്. 2014 നവംബറിലാണ് പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.ഹൈസ്കൂളിന് അതേ സ്കൂളിലെ റിട്ട. അധ്യാപികയായ രമണിക്കുട്ടിയമ്മ സൗജന്യമായി സ്ഥലം നൽകിയത്. കായിക പരിശീലനത്തിന് ഉപയോഗിക്കണം എന്നായിരുന്നു വ്യവസ്ഥ. മറ്റ് കെട്ടിട നിർമാണ പ്രവർത്തികൾ പാടില്ല എന്ന വ്യവസ്ഥയും വെച്ചു. പക്ഷേ വർഷം എട്ടായിട്ടും സ്കൂൾ ഹയർ സെക്കൻഡറി തലത്തിലേക്ക് ഉയർന്നിട്ടും ദാനംകിട്ടിയ സ്ഥലത്ത് കായികപരശീലനത്തിന് വേണ്ട ഒരു സംവിധാനവും ഒരുക്കിയിട്ടില്ല.
പട്ടാളത്തിൽനിന്ന് വിരമിച്ച ഭർത്താവ് എം.ജി. ശിവൻകുട്ടി നായരും രമണിക്കുട്ടിയമ്മയും ഏറെ അധ്വാനിച്ച് വാങ്ങിയതായിരുന്നു ഈ സ്ഥലം. തെക്കുംമുറി ഭാഗത്ത് പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രമൈതാനത്തിനു സമീപമാണ് ഈ സ്ഥലം. രമണിക്കുട്ടിയമ്മ അധ്യാപികയായി ജോലിചെയ്തിരുന്ന സമയത്ത് സ്കൂളിലെ കുട്ടികൾ വിവിധ കായികയിനങ്ങളിൽ ദേശീയതലം വരെ പോയിരുന്നു. വേണ്ടത്ര പരിശീലനം ലഭിക്കാതെയാണ് ഇവർ മത്സരങ്ങളിൽ പങ്കെടുത്തിരുന്നതെങ്കിലും കുറച്ച് നേട്ടങ്ങൾ കൈവരിക്കാനും സമ്മാനങ്ങൾ നേടാനും അവരിൽ ചിലർക്ക് സാധിച്ചിരുന്നു. ഇതോടെ നല്ല പരിശീലനം ഉണ്ടെങ്കിൽ കുട്ടികൾ മെച്ചപ്പെടും എന്ന ചിന്ത രമണിക്കുട്ടിയമ്മയ്ക്ക് ഉണ്ടായി.
അധ്യാപകവൃത്തിയിൽനിന്ന് വിരമിച്ചപ്പോൾ കുട്ടികൾക്ക് പരിശീലനത്തിന് സ്ഥലം നൽകാൻ തീരുമാനിച്ചത് ഇതിനാലാണ്. സംസ്ഥാന ഗവർണറുടെ പേരിലാണ് അന്ന് വസ്തു നൽകിയത്. സ്കൂളിന് സ്ഥലം നൽകുമ്പോൾ അരിക് കല്ലുകെട്ടി മുള്ളുവേലി ഇട്ടിരുന്നു. ഇന്ന് മുള്ളുവേലി ഇട്ട സ്ഥാനത്ത് അതിന്റെ ഒന്നോ രണ്ടോ കല്ല് മാത്രം അങ്ങിങ്ങായി കാണാം. സ്ഥലം ഉപയോഗപ്രദമാക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ പി.ടി.എ. സർക്കാർ തലത്തിൽ പലതവണ നിവേദനം നൽകിയിരുന്നു. പക്ഷേ ഒരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല. രമണിക്കുട്ടിയമ്മയ്ക്കും ഭർത്താവ് എം.ജി. ശിവൻകുട്ടി നായർക്കും ഇപ്പോൾ ഒരു ആഗ്രഹം മാത്രമേ ഉള്ളൂ. തങ്ങൾ നൽകിയ സ്ഥലം അന്യാധീനപ്പെട്ടുപോകരുത്. ഇതിനായി സർക്കാർ ആവശ്യപ്പെട്ടാൽ മുമ്പ് പ്രമാണരേഖകളിൽ വെച്ച കായികപരിശീലനംമാത്രം എന്ന വ്യവസ്ഥയിൽ മാറ്റംവരുത്താനും തയ്യാറാണെന്ന് രമണിക്കുട്ടിയമ്മ പറയുന്നു.