കോഴിക്കോട്: ബിജെപി സംസ്ഥാന കമ്മിറ്റിയിലേക്ക് വീണ്ടും തിരിച്ചെടുത്ത മുൻ ബിജെപി വക്താവ് സന്ദീപ് വാരിയർ, മുതിർന്ന നേതാവ് പി.ആര്‍. ശിവശങ്കർ എന്നിവർക്ക് ആശംസ നേർന്ന് സംവിധായകനും ബിജെപി അനുഭാവിയുമായ രാമസിംഹൻ അബൂബക്കർ. സന്ദീപ് വാര്യരെയും പി ആര്‍ ശിവശങ്കരനെയും സംസ്ഥാന കമ്മിറ്റിയിലേക്ക് വീണ്ടും ഉള്‍പ്പെടുത്തിയതിൽ പ്രത്യാശയുണ്ടെന്ന് രാമസിംഹിൻ ഫേസ്ബുക്കിൽ കുറിച്ചു. ‘ഇവരെയൊക്കെ ജനങ്ങളിലേക്ക് വിടണം. എറിയാനറിയുന്നവന്റെ കയ്യിൽ വേണം കല്ല് നൽകാൻ, എന്നാലേ മാങ്ങാ വീഴൂ, ആശംസകൾ’. ഇരുവരുടെയും ചിത്രം പോസ്റ്റ് ചെയ്ത് രാമസിംഹൻ ഫേസ്ബുക്കിൽ കുറിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ഇരുവരെയും സുപ്രധാന സ്ഥാനങ്ങളിലേക്ക് തിരികെ കൊണ്ട് വരാൻ പാര്‍ട്ടി തീരുമാനിച്ചത്. രണ്ട് പേരെയും നേരത്തെ നേതൃ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ബിജെപി സംസ്ഥാന വക്താവായിരുന്ന സന്ദീപ് വാര്യരെ കഴിഞ്ഞ ഒക്ടോബറിലാണ് സ്ഥാനത്തുനിന്ന് നീക്കിയത്.
ചാനൽ ചർച്ചകളിലും സോഷ്യൽമീഡിയയിലും ബിജെപിയുടെ പ്രധാന മുഖമായിരുന്നു സന്ദീപ് വാര്യർ. രാഷ്ട്രീയത്തിൽ സന്ദീപ് വാര്യരുടേത് പെട്ടന്നുള്ള വളർച്ചയായിരുന്നു. സോഷ്യൽമീഡിയ ഇടപെടലിലൂടെ നവമാധ്യമങ്ങളിലും സന്ദീപിന് വലിയ പിന്തുണയേറി. കഴിഞ്ഞ നിയമ തെരഞ്ഞെടുപ്പിൽ ഷൊർണൂരിൽനിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. ഹലാൽ വിവാദത്തോടെയാണ് പാർട്ടി സംസ്ഥാന നേതൃത്വവും സന്ദീപ് വാര്യരും അകന്നത്. ഇതോടെ സന്ദീപിനെ മുഖ്യധാരയിൽ നിന്നും നേതൃത്വം പിന്നിലേക്ക് വലിച്ചു.
ഹോട്ടലുകളിൽ ഹലാൽ ബോർഡ് വെക്കുന്നത് നിസാര കാര്യമല്ലെന്നും പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്ന സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍റെ പ്രതികരണത്തെ തള്ളി സന്ദീപ് എത്തിയതോടെയാണണ് തുടക്കം. വികാരമല്ല വിവേകമാണ് ഇത്തരം വിവാദങ്ങളിൽ നയിക്കേണ്ടതെന്നായിരുന്നു സന്ദീപ് വാര്യരുടെ പോസ്റ്റ്. ഇതോടെ വിമർശനമേറി, നേതൃത്വം വെട്ടിലുമായി. ഹലാൽ വിവാദം സംസ്ഥാന ബിജെപി കത്തിച്ചുവരുന്നതിനിടെ സന്ദീപ് വാര്യരുടെ നിലപാട് ബിജെപിക്ക് തിരിച്ചടിയായി. നേതൃത്വം ഉടക്കിയതോടെ സന്ദീപ് പോസ്റ്റ് പിൻവലിച്ചുവെങ്കിലും സന്ദീപിന് അപ്രഖ്യാപിത വിലക്ക് വന്നു.
സംസ്ഥാന വക്താവായിട്ടും ചാനൽ ചർച്ചകളിൽ സന്ദീപിന് ഇടം കിട്ടിയില്ല. ഇതിനിടെ സന്ദീപിനെതിരെയുയർന്ന പരാതികളും തിരിച്ചടിയായി. ഇതിന് പിന്നാലെ സന്ദീപിനെ വക്താവ് സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. ആദ്യം രാജ്യം, രണ്ടാമത് പാർട്ടി, സ്വയം പിന്നീട് എന്നാണ് നിലപാടെന്നാണ് തിരികെ സുപ്രധാന സ്ഥാനത്തേക്ക് വന്നളുള്ള സന്ദീപിന്‍റെ പ്രതികരണം. എല്ലാ കാലത്തും പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകനാണ് താന്‍ എന്നും തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നേതൃത്വത്തോട് നന്ദി പറയുന്നതായും സന്ദീപ് വാര്യര്‍ പ്രതികരിച്ചു.