കൊച്ചി : പിണറായി വിജയൻ സർക്കാരിൻ്റെ കൗണ്ട് ഡൗൺ ആരംഭിച്ചു എന്നതാണ് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയുന്നത് എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് യുഡിഎഫിൻ്റെ അതിശക്തമായ മുന്നേറ്റത്തിന് തുടക്കം കുറിയ്ക്കുന്ന ഒന്നാണ്. ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മുന്നോട്ടുവച്ച എല്ലാത്തിനെയും ജനങ്ങൾ തള്ളിക്കളഞ്ഞു എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ആധികാരിക വിജയത്തിലേക്ക് കുതിക്കുന്നതിനിടെയാണ് ചെന്നിത്തലയുടെ പ്രഖ്യാപനം. നിലവിൽ യുഡിഎഫിൻ്റെ ലീഡ് 20000 കടന്നു.
“ഒരു ഭരണകൂടം മുഴുവൻ മുഖ്യമന്ത്രി ഉൾപ്പെടെ നേതൃത്വം കൊടുത്തിട്ടും തൃക്കാക്കരയിലെ ജനങ്ങൾ തള്ളിക്കളഞ്ഞ എൽഡിഎഫിനെയാണ് നമുക്ക് കാണാൻ കഴിയുന്നത്. ജനവിരുദ്ധ നയങ്ങൾ തുടരുന്ന എൽഡിഎഫിനെതിരെ ശക്തമായ ജനവിധിയാണ് ഇതിലൂടെ നമുക്ക് കാണാനാവുന്നത്. ജാതിയും മതവും പറഞ്ഞ് മന്ത്രിമാർ വീടുകളിൽ കയറി ഇറങ്ങി നടന്നിട്ടും തൃക്കാക്കരയിലെ മതേതര വിശ്വാസികളായ ജനങ്ങൾ എൽഡിഎഫിൻ്റെ അഭ്യർത്ഥന തള്ളിക്കളഞ്ഞ് ഉമ തോമസിനു വമ്പിച്ച വിജയമാണ് നൽകിയത്. ഇത് യുഡിഎഫിൻ്റെ അതിശക്തമായ മുന്നേറ്റത്തിന് തുടക്കം കുറിയ്ക്കുന്ന ഒന്നാണ്. പിണറായി വിജയൻ സർക്കാരിൻ്റെ കൗണ്ട് ഡൗൺ ആരംഭിച്ചു എന്നതാണ് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയുന്നത്. ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മുന്നോട്ടുവച്ച എല്ലാത്തിനെയും ജനങ്ങൾ തള്ളിക്കളഞ്ഞു. ജനങ്ങളുടെ ശക്തമായ വികാരം പ്രകടിപ്പിച്ചതുകൂടി എടുത്തുപറയേണ്ടതാണ്. യുഡിഎഫ് ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനമാണ് തൃക്കാക്കരയിൽ കാണാനായത്. എല്ലാ പ്രവർത്തകരും നേതാക്കളും ഒരു മനസോടെ ഒറ്റക്കെട്ടായി പ്രവർത്തിച്ച് ഉജ്ജ്വല വിജയം നേടിയിരിക്കുന്നു.”- ചെന്നിത്തല പറഞ്ഞു.