തിരുവനന്തപുരം > സർവകലാശാലകളെ കാവിവൽക്കരിക്കുന്ന ഗവർണർക്കെതിരെ സമരത്തിന് ആലോചിച്ചിട്ടില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി ഓഫീസിൽ നിന്ന് നൽകിയ പട്ടികയിൽ യുഡിഎഫ് നേതാക്കളുടെ പേരുൾപ്പെട്ടത് എങ്ങിനെയെന്ന് പരിശോധിക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ഗവർണറുടെ ഓഫീസിലേക്ക് ബിജെപി നൽകിയ പട്ടികയിൽ യുഡിഎഫ് അംഗങ്ങൾ ഉൾപ്പെട്ടത് എങ്ങിനെയെന്ന് പരിശോധിക്കണം. അവർ തങ്ങളുടെ പ്രതിനിധികളല്ല. കെപിസിസി ഓഫീസിൽ നിന്നോ ഔദ്യോഗികമായോ ശുപാർശ നൽകിയിട്ടില്ല. യുഡിഎഫ് അംഗങ്ങൾ ഉണ്ടോയെന്ന് പരിശോധിച്ചിട്ടില്ല. പരിശോധിക്കേണ്ട കാര്യവുമില്ല. ബിജെപി പട്ടികയിൽ ഉൾപ്പെട്ട യുഡിഎഫുകാർ രാജിവെക്കുമോയെന്ന ചോദ്യത്തോട് ചെന്നിത്തല പ്രതികരിച്ചില്ല.
തങ്ങളുടെ സമരം സർക്കാരിനെതിരാണ്. അതിനാലാണ് മുഖ്യമന്ത്രിയെ കണിങ്കൊടി കാണിക്കുന്നത്. ആരെ കരിങ്കൊടി കാണിക്കണമെന്ന് തങ്ങൾ തീരുമാനിച്ചോളാം. പ്രതിഷേധക്കാർക്കിടയിലേക്ക് ഗവർണർ ആക്രോശവുമായി വന്നതിനെയും ചെന്നിത്തല ന്യായീകരിച്ചു. മൂന്നിടത്ത് ഗവർണറെ തടഞ്ഞു. ഗത്യന്തരമില്ലാതെ പ്രാണരക്ഷാർഥമാകും അദ്ദേഹം പുറത്തിറങ്ങിയതെന്നും ചെന്നിത്തല പറഞ്ഞു.