കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിൽ തമ്പടിച്ച് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് യു.ഡി.എഫ് വിജയത്തെ ബാധിക്കില്ലെന്ന് രമേശ് ചെന്നിത്തല. സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായുള്ള വിധിയെഴുത്താവും ഉപതെരഞ്ഞെടുപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. കേരളത്തിലെ കോൺഗ്രസ് ഒറ്റക്കെട്ടാണ്. കെ.വി. തോമസ് പോയത് പാർട്ടി പ്രവർത്തകർക്കിടയിൽ ആവേശം കൂട്ടിയിട്ടേയുള്ളൂ. പി.ടിയോടുള്ള ജനങ്ങളുടെ മതിപ്പ് തൃക്കാക്കര മണ്ഡലത്തിൽ പ്രതിഫലിക്കും. തൃക്കാക്കരക്കാർക്ക് വീണ്ടും വോട്ട് ചെയ്യാൻ സൗഭാഗ്യമെന്ന തരത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന തരംതാണതായിപ്പോയി. കെ-റെയിൽ പോലെയുള്ള പദ്ധതികളോടുള്ള ജനങ്ങളുടെ എതിർപ്പ് തെരഞ്ഞെടുപ്പിൽ പ്രകടമാവും.-ചെന്നിത്തല പറഞ്ഞു.