തിരുവനന്തപുരം: രണ്ട് വർഗീയ ശക്തികൾക്ക് വാളുകൊടുത്തിട്ട് ചാമ്പിക്കോ എന്ന് പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ വർദ്ധിക്കുന്നതും അതുകൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു. പാലക്കാട്ടെ വർഗീയ കൊലപാതകങ്ങളിൽ കേരള സർക്കാരിനെ രൂക്ഷമായി വിർശിച്ചുകൊണ്ടാണ് ചെന്നിത്തലയുടെ പ്രതികരണം.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ 50 ലേറെ രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തിൽ നടന്നത്. ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങൾക്ക് സമാനമാണ് പാലക്കാട് നടന്ന കൊലപാതകവും. എന്നിട്ടും ഇതിൽ നിന്നൊന്നും പാഠം ഉൾക്കൊള്ളാൻ കേരള പൊലീസിനായിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കേരളം ചോരക്കളിയുടെ നാടായിരിക്കുകയാണ്. കേരളത്തിലെ സിപിഎമ്മിന് വർഗീയത പ്രോത്സാഹിപ്പിച്ച ചരിത്രമാണ് ഉള്ളത്. പൊലീസ് വിചാരിച്ചാൽ ഇതൊന്നും തടയാൻ പറ്റില്ലെന്ന് ഒരു മന്ത്രി തന്നെ പറയുന്നു. സംസ്ഥാന ഭരണത്തിന്റെ യഥാർത്ഥ സ്ഥിതി ഇതാണെന്നും രാവിലെ എഴുന്നേറ്റാൽ മുറ്റത്ത് ചോര കാണുന്ന രീതിയിലേക്ക് കേരളം മാറിയെന്നും ചെന്നിത്തല പറഞ്ഞു. ഇതിന്റെ ഉത്തരവാദിത്ത്വം സർക്കാരിനും ആഭ്യന്തര വകുപ്പിനും പൊലീസിനും ഇല്ലേ എന്നും ചെത്തില ചോദിച്ചു. നിഷ്ക്രിയമായ ആഭ്യന്തരവകുപ്പാണ് ഇതിന് കാരണമെന്നും ചെന്നിത്തല പറഞ്ഞു. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതയും വർജ്ജിക്കണം. രണ്ടും നാടിന് ആപത്താണ്. രണ്ടിനെയും ഒരുപോലെ കണ്ടുകൊണ്ട് എതിർക്കപ്പെടണം. വർഗീയ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്നും അദ്ദേഹം ആരോപിച്ചു.