ദില്ലി : കടുവ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് രമേശ് ചെന്നിത്തല. അയൽ സംസ്ഥാനങ്ങളിലെ സർക്കാരുകളുമായി ചർച്ച നടത്തണം. നഷ്ടപരിഹാരം 50 ലക്ഷമെങ്കിലും നൽകണം. ആരോഗ്യ വകുപ്പിന് ഗുരുതര വീഴ്ചയെന്നും ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ തോമസ് എന്ന കർഷകൻ മരിച്ചത്. തോമസിന്റെ മരണത്തിന് കാരണം ആശുപത്രിയിൽ നിന്ന് മതിയായ ചികിത്സ ലഭിക്കാത്തതാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ ചികിത്സ വൈകിയിട്ടില്ലെന്നും പിഴവ് സംഭവിച്ചിട്ടില്ലെന്നുമാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം.
അതേസമയം ശശി തരൂർ വിവാദത്തോടും ചെന്നിത്തല പ്രതികരിച്ചു. തരൂരും താനടക്കമുള്ള മറ്റ് നേതാക്കളും ജാഗ്രത പാലിക്കണമായിരുന്നു. സമുദായ സംഘടനകളടക്കം ആരും പരിധികൾ ലംഘിക്കരുത്. ആരൊക്കെ മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും. പ്രവർത്തക സമിതി അംഗത്വം ആവശ്യപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ആരാകും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നതിനെ ചൊല്ലി വലിയ വിവാദമാണ് ദിവസങ്ങളായി കോൺഗ്രസിൽ നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഉപേക്ഷിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ചുവടുമാറണമെന്ന ആഗ്രഹം തരൂർ പ്രകടിപ്പിച്ചത് മുതലായിരുന്നു പരസ്പരം വാക്ക് പോര് തുടങ്ങിയത്. മുഖ്യമന്ത്രിയാകാനുള്ള താത്പര്യവും തരൂർ പ്രകടിപ്പിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയാകാനുള്ള കോട്ട് മാറ്റിവച്ചേക്കാണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി. എന്നാൽ അങ്ങനെ മുഖ്യമന്ത്രിക്കായി ഒരു കോട്ട് ഉണ്ടോ എന്ന് തരൂരും തിരിച്ചടിച്ചിരുന്നു.