ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ദിനത്തിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ ക്ഷേത്രത്തിന്റെ നിര്‍മിതിയുടെ സൗന്ദര്യം വെളിവാക്കുന്ന വീഡിയോ പുറത്ത്. അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് തന്നെയാണ് അത്യപൂർവ വീഡിയോ പുറത്തുവിട്ടത്. അപൂര്‍വമായ കൊത്തുപണികളും ഗരുഢ പ്രതിമയും അടക്കമുള്ള സൗന്ദര്യ രൂപങ്ങളാണ് വീഡിയോയിൽ കാണുന്നത്. ഭക്തരെ വരവേൽക്കാൻ അയോധ്യ ക്ഷേത്ര ഭൂമി ഒരുങ്ങിയെന്ന് കുറിപ്പോടെ ശ്രീരാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഈ മാസം 22 നാണ് അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖർ അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠക്ക് സാക്ഷ്യം വഹിക്കും. രാജ്യമാകെ വിപുലമായ പരിപാടികൾക്ക് അന്നേ ദിവസം നടക്കും. അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം കേരളത്തിൽ വിപുലമായി ആഘോഷിക്കാൻ കേരള ബി ജെ പി ഘടകവും തീരുമാനിച്ചിട്ടുണ്ട്. അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി അന്നേദിവസം കേരളത്തിലെ ക്ഷേത്ര പരിസരത്ത് ബി ജെ പി പ്രവർത്തകർ ശുചീകരണ പ്രവർത്തനം നടത്തുമെന്നും വീടുകളിൽ വിളക്ക് തെളിയിക്കുമെന്നും സുരേന്ദ്രൻ അറിയിച്ചിട്ടുണ്ട്.
അയോധ്യയിലെ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം വിപുലമായി ആഘോഷിക്കാൻ കർണാടക സർക്കാരും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുസ്‍രായ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തണമെന്നാണ് കർണാടക സർക്കാരിന്‍റെ ഉത്തരവ്. പ്രത്യേക പ്രാർഥനകളും പ്രതിഷ്ഠയുടെ മുഹൂർത്തത്തിൽ മംഗളാരതിയും നടത്തണമെന്നും ഉത്തരവിൽ പറയുന്നു. മുസ്‍രായ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിലാണ് പൂജകൾ നടത്തേണ്ടത്. കർണാടകയിലെ ജനങ്ങളുടെ ക്ഷേമത്തിനായാണ് പൂജകൾ നടത്തേണ്ടതെന്നും ഉത്തരവിൽ പറയുന്നു.