പ്രതിഫലം വാങ്ങാതെയാണ് ബ്രഹ്മാസ്ത്രയിൽ അഭിനയിച്ചതെന്ന് നടൻ രൺബീർ കപൂർ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സംവിധായകൻ അയാൻ മുഖർജിയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. നിരവധി ത്യാഗങ്ങൾ സഹിച്ചാണ് രൺബീർ ചിത്രം നിർമിച്ചതെന്നും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും സംവിധായകൻ പറഞ്ഞു.
‘ഒരുപാട് വ്യക്തിപരമായ ത്യാഗം സഹിച്ചാണ് സിനിമ നിർമ്മിച്ചതെന്നതാണ് സത്യം. ഒരു സ്റ്റാർ എന്ന നിലയിൽ രൺബീർ പ്രതിഫലം വാങ്ങിയിട്ടില്ല. ഇത് വലിയ കാര്യമാണ്. കാരണം അങ്ങനെ അല്ലായിരുന്നെങ്കിൽ ഈ സിനിമ നിർമ്മിക്കാൻ കഴിയില്ലായിരുന്നു.
അതുപോലെ വളരെ ചെറിയ പ്രതിഫലമാണ് ആലിയക്കും നൽകിയത്. 2014 ആയിരുന്നു ആലിയ സിനിമയുടെ ഭാഗമാകുന്നത്. ഇന്നത്തെ പോലെ താരമൂല്യം ഉണ്ടായിരുന്നില്ല. വളരെ ചെറിയ പ്രതിഫലമായിരുന്നു അന്ന് പറഞ്ഞ് ഉറപ്പിച്ചത് ‘- സംവിധായകൻ കൂട്ടിച്ചേർത്തു.
പ്രതിഫലം ഉപേക്ഷിക്കാനുളള കാരണവും രൺബീർ അഭിമുഖത്തിൽ വ്യക്തമാക്കി. ‘ഞാൻ എന്തെങ്കിലും ചാർജ് ചെയ്തോ ഇല്ലയോ എന്ന് നിങ്ങൾ ചോദിച്ചു. യഥാർത്ഥത്തിൽ ഞാൻ ചെയ്തു. ഇത് എനിക്ക് ജീവിതത്തിനുള്ള ഓഹരിയാണ്, സിനിമയുടെ നിർമാതാവ് കൂടിയാണ് ഞാൻ. ആദ്യഭാഗത്തിന് പ്രതിഫലം ഈടാക്കിയിട്ടില്ല. പക്ഷെ സിനിമ മൂന്ന് ഭാഗങ്ങളിലായി നിർമ്മിക്കുന്ന തുകയെ കുറിച്ച് എനിക്കുള്ള വിശ്വാസം, ഒരു നടനെന്ന നിലയിൽ എനിക്ക് ലഭിക്കുന്ന എന്തിനും അപ്പുറമാണ്’; രൺബീർ പറഞ്ഞു.











