തിരുവനന്തപുരം > സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സ് തൃശൂർ ഒരുക്കുന്ന രണ്ടാമത് അന്താരാഷ്ട്ര രംഗകലാലയ ഉത്സവത്തിനുള്ള (ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് തിയറ്റർ സ്‌കൂൾസ്- IFTS ) പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് മന്ത്രി ഡോ. ആർ ബിന്ദു. 2024 ജനുവരി 14 മുതൽ 19 വരെയാണ് ഇക്കുറി ഐഎഫ്‌ടിഎസ് അരങ്ങേറുന്നത്. ഇത്തവണയും പ്രധാനവേദി ഒരുക്കുക കോഴിക്കോട് സർവ്വകലാശാലയുടെ തൃശൂർ കേന്ദ്രമായ സ്‌കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്‌സിൽത്തന്നെ ആയിരിക്കും.
രംഗകലാലയങ്ങളെ സമകാലീന പ്രസക്തമായ ആശയങ്ങളുടെയും ആവിഷ്‌കാരങ്ങളുടെയും ഇടങ്ങളാക്കി മാറ്റാനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മുൻകയ്യിൽ സ്‌കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്‌സ് ഇത്തരമൊരു അന്താരാഷ്ട്ര രംഗ കലാലയ ഉത്സവത്തിന് സാംസ്‌കാരിക തലസ്ഥാന ജില്ലയിൽത്തന്നെ വേദി ഒരുക്കുന്നത്. ഇതേ ലക്ഷ്യത്തിനായി അനുയോജ്യമായ രംഗാദ്ധ്യയനശാസ്ത്രത്തിനു (Theatre Pedagogy) രൂപം നൽകുക എന്നതു കൂടിയാണ് അന്തർദേശീയ രംഗകലാലയ ഉത്സവത്തിന്റെ ലക്ഷ്യം – മന്ത്രി പറഞ്ഞു.
ആറ് ദിവസമായിരിക്കും ഉത്സവം
‘ബോധനശാസ്ത്രം, രംഗകല, പരിസ്ഥിതി ശാസ്ത്രം’ എന്നതാണ് ഇക്കുറി ഐഎഫ്‌ടിഎസിലെ പ്രമേയം – Carnival of Pedagogy: Theatre and Ecology. രംഗകലയും പരിസ്ഥിതി ശാസ്ത്രവും ഉൾപ്പെട്ട ഒരു നവ ബോധനശാസ്ത്രത്തിന്റെ ആവശ്യകതയും സാധ്യതകളും മേള അവലോകനം ചെയ്യും. ദേശീയ – അന്തർദേശീയ രംഗാദ്ധ്യാപന കലാലയങ്ങളിലെയും വിവിധ സർവ്വകലാശാലകളുടെ രംഗാദ്ധ്യാപന വിഭാഗങ്ങളിലെയും അധ്യാപകരും വിദ്യാർത്ഥികളും രംഗകലാലയ ഉത്സവത്തിൽ (ഐഎഫ്‌ടിഎസ്) പങ്കാളികളായെത്തും.
ഉത്സവത്തിന്റെ ഭാഗമായ വിവിധ പരിപാടികളായി ആശയങ്ങളുടെ പാർലമെന്റ്, പാനൽ ചർച്ചകൾ, വിദ്യാർഥി സംവാദ സദസ്സുകൾ, അധ്യാപക സംവാദ സദസുകൾ, വിന്റർ തിയേറ്റർ പ്രൊഡക്ഷൻ ക്യാമ്പ്, സാംസ്‌കാരിക പഠന യാത്രകൾ, ശിൽപശാലകൾ, വിദ്യാർത്ഥി നാടകാവതരണങ്ങൾ, കലാവതരണങ്ങൾ, സോഷ്യൽ എക്സ്റ്റൻഷൻ പ്രോഗ്രാം എന്നിവ നടക്കും. ശില്പശാലകൾക്കും മറ്റു പഠന പരിശീലന അവതരണ പരിപാടികൾക്കും നേതൃത്വം നൽകുക ഓരോ മേഖലയിലും അന്തർദേശീയതലത്തിലെ പ്രഗത്ഭരായിരിക്കും.
രംഗകലയുടെ സാദ്ധ്യതകൾ ഉൾക്കൊണ്ടുകൊണ്ട് പരിസ്ഥിതിബോധവും പരിസ്ഥിതിശാസ്ത്ര ബോധനവും സാധിക്കുന്ന പുത്തൻ അധ്യാപന രീതിശാസ്ത്രത്തിലേക്കാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം ഇതോടെ കാൽ വെക്കുന്നതെന്നത് ദേശീയ പ്രാധാന്യമർഹിക്കുന്നു. ഈ രീതിശാസ്ത്രത്തിന്റെ ബഹുതല പ്രയോഗങ്ങളിലേക്കും കേരളത്തിലെ കലാലയ വിദ്യാഭ്യാസത്തെ ഇത് പിന്നാലെ നയിക്കും. സമഗ്രമായ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണത്തിലേക്കായി നടന്നു വരുന്ന പ്രവർത്തനങ്ങളിലെ ഈടുവെപ്പാവും ഇത്.
ഒന്നാമത് അന്തർദേശീയ രംഗകലാലയ ഉത്സവം വിജയകരമാക്കാൻ സ്‌കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്‌സിനൊപ്പം പ്രവർത്തിച്ച കേരള സംഗീത നാടക അക്കാദമി, കാലടി ശ്രീ ശങ്കരാചാര്യ സർവ്വകലാശാല, കേരള കലാമണ്ഡലം, ഷേർ-ജിൽ സുന്ദരം ഫൌണ്ടേഷൻ തുടങ്ങിയ സർവ്വകലാശാലകളുടെയും സ്ഥാപനങ്ങളുടെയും സഹകരണം രണ്ടാമത് രംഗകലാലയ ഉത്സവത്തിലും കൊണ്ടുവരും. കൂടാതെ, ഇത്തവണ കൂടുതൽ സർവ്വകലാശാലകളുടെയും, സ്ഥാപനങ്ങളുടെയും സഹകരണവും ഉറപ്പാക്കിത്തുടങ്ങി.