മുംബൈ : ബിനോയ് കോടിയേരിക്കെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിന്മേലുള്ള പീഡനക്കേസ് ഒത്തുതീർപ്പിലേക്ക്. പരാതിക്കാരിയുടെ മകന്റെ ജീവിതച്ചെലവുകൾ നൽകുന്നതടക്കമുള്ള വ്യവസ്ഥകളോടെ ഒത്തുതീർപ്പിലെത്താൻ തങ്ങൾ തീരുമാനിച്ചതായി ഇരുവരും ബോംബെ ഹൈകോടതിയെ അറിയിച്ചു. ഇതോടെ ബിനോയിക്ക് എതിരായ കേസ് തള്ളണമെന്നാണ് ആവശ്യം.
എന്നാൽ, ഇരുവരുടെയും മൊഴികളിലെ പൊരുത്തക്കേടും ഒത്തുതീർപ്പ് വ്യവസ്ഥയിലെ അവ്യക്തതയും ചൂണ്ടിക്കാട്ടിയ കോടതി കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് ഹരജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു. അന്ന് കോടതി ഉന്നയിക്കുന്ന ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ മറുപടി ഇരുവരും നൽകണം. ഇരുവരും വിവാഹിതരാണോ എന്ന കോടതിയുടെ ചോദ്യത്തിന് യുവതി ആണെന്നും ബിനോയി അല്ലെന്നും പറഞ്ഞതാണ് മൊഴിയിലെ പൊരുത്തക്കേട്. മകന്റെ പിതാവ് ബിനോയ് ആണെന്നാണ് കോടതിയിൽ യുവതി നേരത്തേ അവകാശപ്പെട്ടത്.
തുടർന്ന് ഡി.എൻ.എ പരിശോധന നടത്തിയിരുന്നു. പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കപ്പെട്ടെങ്കിലും പുറത്തു വിട്ടിരുന്നില്ല. റിപ്പോർട്ട് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുവതി വീണ്ടും കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ഒത്തുതീർപ്പ് ശ്രമം. എന്നാൽ, യുവതിയുടെ മകന്റെ ചെലവ് വഹിക്കാമെന്ന് പറയുമ്പോഴും കുഞ്ഞ് തന്റേതാണെന്ന് ബിനോയ് പരസ്യമായി അംഗീകരിച്ചിട്ടില്ല. കുഞ്ഞിന്റെ ഭാവി അടക്കം തങ്ങളുടെ സംശയങ്ങൾക്ക് ഇരുവരും നൽകുന്ന വിശദീകരണങ്ങളിൽ കോടതിക്ക് സംതൃപ്തി ഉണ്ടാകുമെങ്കിൽ മാത്രമെ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂ.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് 2019 ജൂണിലാണ് യുവതി ഓശിവാര പൊലീസിൽ പരാതി നൽകിയത്. കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ബിനോയിക്കെതിരെ കുറ്റം ചുമത്താനിരിക്കെയാണ് ഒത്തുതീർപ്പ് ശ്രമം. ഇതോടെ കുറ്റം ചുമത്തൽ നടപടിക്ക് ഹൈകോടതി സ്റ്റേ നൽകി.