ഒഡിഷ: ശരീരം മുഴുവൻ കറുത്ത വരകളുള്ള അപൂര്‍വയിനത്തില്‍പ്പെട്ട കടുവയുടെ ജഡം ഒഡീഷയിലെ സിമിലിപാല്‍ കടുവ സങ്കേതത്തില്‍ കണ്ടെത്തി. സിമിലിപാലിലെ തെക്കന്‍ ഡിവിഷനിലെ നവാന സൗത്ത് റേഞ്ചിലായിരുന്നു ജഡം. വന്യജീവികൾ തമ്മിലുള്ള ഏറ്റുമുട്ടലാവാം മരണകാരണമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. യഥാർഥ മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കണ്ടെത്താന്‍ കഴിയൂ.
മൂന്ന് മുതല്‍ മൂന്നര വയസ്സ് വരെ പ്രായമുള്ള ആണ്‍കടുവയാണ് ചത്തത്. കഴിഞ്ഞ ദിവസം പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നുവെന്നും റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.
‘ഞായറാഴ്ച രാവിലെയാണ് സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ജഡത്തില്‍ പരിക്കേറ്റ പാട് കണ്ടെത്തിയിട്ടുണ്ട്. ഇതാണ് വന്യജീവികള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് മരണകാരണമെന്ന് വിലയിരുത്താനുള്ള കാരണം. കടുവകൾ ഏറ്റുമുട്ടുന്നതും പലപ്പോഴും സംഭവിക്കാറുണ്ട്’- ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ എസ്.കെ. പോപ്‌ലി പ്രതികരിച്ചു.
2016 ലെ ഓള്‍ ഇന്ത്യ ടൈഗര്‍ സര്‍വേയില്‍ ഇത്തരത്തില്‍ കറുപ്പ് നിറമുള്ള മൂന്ന് പ്രായപൂര്‍ത്തിയായ കടുവകളുടെ സാന്നിധ്യം സിമിലിപാലില്‍ കണ്ടെത്തിയിരുന്നു.