ദില്ലി: ഗുജറാത്തിലെ ഗ്രാമങ്ങളില്‍ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആകാശത്തുനിന്ന് പതിച്ചത് അപൂര്‍വമായ ഉല്‍ക്കാശിലകളെന്ന് ഗവേഷകര്‍. ഇവയ്ക്ക് ബുധന്‍ ഗ്രഹത്തിന്റെ ഉപരിതലവുമായി സാമ്യമുണ്ടെന്ന് വ്യക്തമായി. ഗ്രഹപരിണാമത്തെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ക്ക് ഈ ഉൽക്കാശിലകൾ സഹായകമാണെന്നും ഗവേഷകര്‍ പറയുന്നു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ 1852ലാണ് ഇതിനു സമാനമായ ഉൽക്ക ഏറ്റവുമൊടുവിൽ കണ്ടെത്തിയത്.
ബനസ്കന്ധ ജില്ലയിലെ ദേവ്ദര്‍ താലൂക്കിലുള്ള റാവേല്‍, രന്തീല ഗ്രാമങ്ങളിലാണ് ഓഗസ്റ്റ് 17ന് വൈകുന്നേരം ഉല്‍ക്കാശിലകള്‍ പതിച്ചത്. ജെറ്റ് വിമാനം സഞ്ചരിക്കുമ്പോഴുണ്ടാകുന്നതിന് സമാനമായ ശബ്ദത്തോടെയാണ് ഇവ താഴേക്ക് പതിച്ചത്. വീഴ്ചയുടെ ശക്തിയിൽ ഒരു വീടിന്റെ വരാന്തയിലെ ടൈലുകള്‍ തകര്‍ന്ന് കുഴിയുണ്ടായി. ഒരു മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞുവീണതായും കണ്ടെത്തി. സൾഫർ ഗന്ധമുണ്ടായിരുന്നതായും ഗ്രാമീണർ പറഞ്ഞു. 200 ഗ്രാംവരെ ഭാരമുള്ള ഉൽക്കാശിലകൾ അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ ഗവേഷകരാണ് പഠനത്തിനായി ഏറ്റെടുത്തത്. ഇവരുടെ പഠനറിപ്പോർട്ട് ‘കറന്റ് സയന്‍സ്’ ജേണലില്‍ പ്രസിദ്ധീകരിച്ചു.
ബഹിരാകാശ ഗോളങ്ങളില്‍ നിന്ന് ചിതറുന്ന ഭാഗങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നാണ് ഉല്‍ക്കകളാകുന്നത്. ഓബ്രൈറ്റ് വിഭാഗത്തിലുള്ള അപൂര്‍വമായ ഉല്‍ക്കാശകലങ്ങളാണ് ഗുജറാത്തിൽ കണ്ടെത്തിയതെന്നും ഭൂമിയിലേക്കുള്ള വരവില്‍ ഇവ പലതായി പൊട്ടിവീണവയാണെന്നും പഠനറിപ്പോർട്ടില്‍ പറയുന്നു. റിഫ്‌ളക്റ്റന്‍സ് സ്‌പെക്ട്രോസ്‌കോപ്പി ഉപയോഗിച്ചുള്ള പഠനത്തില്‍ മാംഗനീസ് ധാരാളമുള്ള പൈറോക്‌സിന്‍ ഈ ഉല്‍ക്കയില്‍ അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ബുധന്റെ ഉപരിതലത്തില്‍ നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളും സമാനമാകയാല്‍ ഭാവിയിലെ പഠനങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാണിവയെന്നും ഗവേഷകര്‍ പറയുന്നു. സാധാരണ ഉൽക്കാശിലകളിൽ കാണപ്പെടുന്ന ഉരുണ്ട തരികളില്ലാത്തവയാണ് ഓബ്രൈറ്റുകള്‍. 170 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഗുജറാത്തിൽ ഉല്‍ക്കാപാതം ഉണ്ടായിരിക്കുന്നത്. 1836-ല്‍ ഫ്രാന്‍സിലുണ്ടായതാണ് ശാസ്ത്രലോകത്തിന്റെ ശ്രദ്ധയില്‍ പെടുന്ന ആദ്യത്തെ ഓബ്രൈറ്റ് വീഴ്ച.