അമേരിക്ക : കോവിഡ് പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശത്തെയാണെങ്കിലും കേന്ദ്ര നാഡീവ്യൂഹം അടക്കം ശരീരത്തിലെ പല അവയവങ്ങള്‍ക്കും കൊറോണ വൈറസ് കേട് വരുത്താറുണ്ട്. കടുത്ത കോവിഡ് ബാധ മൂലം ആശുപത്രിയിലായവര്‍ക്ക് ഗുരുതരമായ നീര്‍ക്കെട്ട്, പക്ഷാഘാതം, ചുഴലി തുടങ്ങിയവ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആശയക്കുഴപ്പമുണ്ടാക്കുന്ന ബ്രെയിന്‍ ഫോഗ്, തലവേദന, തലകറക്കം, മങ്ങിയ കാഴ്ച എന്നിവയും കോവിഡുമായി ബന്ധപ്പെട്ട് പല രോഗികളിലും ഉണ്ടായി. അമേരിക്കയിലും യൂറോപ്പിലും കോവിഡ് മൂലം ആശുപത്രിയിലായ രോഗികളില്‍ നൂറിലൊരാള്‍ക്ക് എന്ന തോതില്‍ തലച്ചോറുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ കാണുന്നതായി ഫിലഡല്‍ഫിയയിലെ തോമസ് ജെഫേഴ്സണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠന ഫലം പറയുന്നു. 2019 സെപ്റ്റംബറിനും 2020 ജൂണിനും ഇടയിൽ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 40,000 രോഗികളിലായിരുന്നു പഠനം. ഇവരുടെ ശരാശരി പ്രായം 66. സ്ത്രീകളുടെ ഇരട്ടിയോളം എണ്ണം പുരുഷന്മാര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ആശയക്കുഴപ്പവും മാനസികനിലയുടെ താളം തെറ്റലുമാണ് ഇവരില്‍ തുടക്കത്തില്‍ പൊതുവായി കാണപ്പെട്ട ലക്ഷണങ്ങള്‍. പല രോഗികള്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ സഹരോഗാവസ്ഥകളും ഉണ്ടായിരുന്നു. പക്ഷാഘാതം, രക്തസ്രാവം, മസ്തിഷ്കവീക്കം പോലുള്ള സങ്കീര്‍ണതകളാണ് തീവ്ര കോവിഡ് ബാധിതരില്‍ നിരീക്ഷിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. ഇതിനു പുറമേ തലച്ചോറിലും നട്ടെല്ലിലും നീര്‍ക്കെട്ട്, പക്ഷാഘാതത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന എന്‍സെഫലോപ്പതി സിന്‍ഡ്രോം തുടങ്ങിയ അപൂര്‍വ ലക്ഷണങ്ങളും ചിലരിലുണ്ടായി. ഷിക്കാഗോയില്‍ നടന്ന റേഡിയോളജി സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാര്‍ഷിക യോഗത്തിലാണ് ഗവേഷണ ഫലങ്ങള്‍ അവതരിപ്പിച്ചത്.