കല്‍പ്പറ്റ: മയക്കുമരുന്ന് കേസുകളിൽ ഉള്‍പ്പെട്ട യുവാവിനെ എംഡിഎംഎയുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മാനന്തവാടി പൊരുന്നന്നൂര്‍ കാരക്കാമല പുഴക്കല്‍ വീട്ടില്‍ റാഷിദ് (28) ആണ് പിടിയിലായത്. പടിഞ്ഞാറത്തറ വില്ലേജ് ഓഫീസിന് സമീപത്ത് നിന്ന് കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ടീമും എക്‌സൈസ് ഇന്റലിജന്‍സും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. 19.516 ഗ്രാം എംഡിഎംഎ ആണ് റാഷിദില്‍ നിന്ന് പരിശോധന സംഘം കണ്ടെടുത്തത്. ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പടിഞ്ഞാറത്തറയിലെ പരിശോധന. റാഷിദിന്‍റെ പേരില്‍ മുന്‍പും ചില എന്‍ഡിപിഎസ് കേസുകള്‍ എടുത്തിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
റാഷിദ് എവിടെ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത്, ഇയാള്‍ക്ക് വേണ്ടി മറ്റാരെങ്കിലും പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ എക്‌സൈസ് പരിശോധിച്ചു വരികയാണ്. കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി സജിത്ത് കുമാര്‍, അസിസ്റ്റന്റ് എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ ജി അനില്‍കുമാര്‍, പ്രിവന്റ്റ്റീവ് ഓഫീസര്‍ പി കൃഷ്ണന്‍കുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി എസ് സുഷാദ്, വി കെ. വൈശാഖ്, ഇ ബി അനീഷ്, അനന്തു മാധവന്‍, കെ വി സൂര്യ, ഡ്രൈവര്‍മാരായ പ്രസാദ്, അന്‍വര്‍ കളോളി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.