തിരുവനന്തപുരം: സാങ്കേതിക തടസ്സങ്ങൾ കാരണം നിർത്തിവെച്ച റേഷൻ കാർഡ് ഉടമകളുടെ ബയോമെട്രിക് മസ്റ്ററിംഗ് പുനരാരംഭിച്ചു. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലാണ് മസ്റ്ററിംഗ് നടക്കുക. ഇന്ന് മുതൽ സെപ്തംബർ 24 വരെയാണ് തിരുവനന്തപുരത്തെ മസ്റ്ററിംഗ്. രണ്ടാം ഘട്ടമായി കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ മസ്റ്ററിംഗ് നടത്തും. സെപ്തംബർ 25 മുതൽ ഒക്ടോബർ 1 വരെയായിരിക്കും മസ്റ്ററിംഗ്. അതിനു ശേഷം മൂന്നാം ഘട്ടത്തിൽ പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മസ്റ്ററിംഗ് ഉണ്ടാവും. ഒക്ടോബർ മൂന്ന് മുതൽ എട്ട് വരെയാണ് ഈ ജില്ലകളിൽ സൌകര്യമൊരുക്കുക.
ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാക്കാനാണ് കേന്ദ്രം സംസ്ഥാന സർക്കാരിന് നൽകിയ നിർദേശം. ചെയ്തില്ലെങ്കിൽ റേഷണ വിഹിതം മുടങ്ങുമെന്നും അറിയിപ്പുണ്ട്. ഒക്ടോബർ 15നുള്ളിൽ പൂർത്തിയാക്കാനാണ് സംസ്ഥാനത്തിന്‍റെ തീരുമാനം. 1.10 കോടി കാർഡ് ഉടമകൾ മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതുണ്ട്. കാർഡ് ഉടമകൾ നേരിട്ടെത്തി ഇ പോസിൽ വിരൽ പതിപ്പിച്ചാണ് ബയോ മെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്.