തിരുവനന്തപുരം: മുൻഗണനേതര വിഭാഗത്തിൽപെടുന്ന വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസം 8 കിലോഗ്രാം അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. ഡിസംബറിൽ 5 കിലോ ആയിരുന്ന അരി വിഹിതം ജനുവരി മുതൽ 7 കിലോയാക്കിയിരുന്നു. 92 ലക്ഷത്തിൽ പരം കാർഡ് ഉടമകളിൽ ഏകദേശം 28.30 ലക്ഷം വെള്ള കാർഡ് ഉടമകളാണ്.
ഇവയിലാകെ 1.12 കോടി അംഗങ്ങളുണ്ട്. മുൻഗണനേതര വിഭാഗത്തിൽപെടുന്ന നീല കാർഡുകാർക്ക് 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ഈ മാസവും ലഭിക്കും. പിങ്ക്, മഞ്ഞ കാർഡിലെ അംഗങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പിഎംജികെഎവൈ പദ്ധതി പ്രകാരം സൗജന്യമായി നൽകുന്ന 4 കിലോ അരിയും ഒരു കിലോ ഗോതമ്പും ഈ മാസവും തുടരും.മാർച്ചിൽ 16.68 ലക്ഷം കാർഡ് ഉടമകൾ റേഷൻ വാങ്ങിയില്ല. ആകെയുള്ള 92.19 ലക്ഷം കാർഡ് ഉടമകളിൽ 75.51 ലക്ഷം പേരാണ് (81.90%) റേഷൻ വാങ്ങാൻ എത്തിയത്.