ചിറ്റൂർ : തമിഴ്നാട്ടിലെ സൗജന്യ റേഷനരി മാത്രമല്ല കേരളത്തിലേതും വേഷം മാറ്റി വിപണിയിലെത്തിക്കുന്ന സംഘങ്ങൾ സജീവം. അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്ന മുൻഗണനാ വിഭാഗക്കാർക്കു നൽകുന്ന റേഷനരിയാണു തുച്ഛമായ വില നൽകി ചിലർ വാങ്ങുന്നത്. ഇതു ഗോഡൗണുകളിൽ എത്തിച്ചു പോളിഷ് ചെയ്തു രൂപമാറ്റം വരുത്തി പല ബ്രാൻഡുകളിലായി ഇരട്ടിയിലേറെ വിലയ്ക്കാണു വിൽക്കുന്നത്. മഞ്ഞ, പിങ്ക് കാർഡ് ഉടമകളുടെ വിവരങ്ങൾ നൽകാൻ പ്രത്യേക സംഘം തന്നെ റേഷൻകടകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്.
അന്ത്യോദയ അന്നയോജന(എഎവൈ) റേഷൻ കാർഡുകാർക്ക്(മഞ്ഞ കാർഡ്) 30 കിലോ അരി സൗജന്യമായി നൽകുന്നുണ്ട്. കൂടാതെ കേന്ദ്രത്തിന്റെ പ്രത്യേക പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും 5 കിലോഗ്രാം അരി ലഭിക്കും. മുൻഗണനാ വിഭാഗക്കാർക്ക്(പിങ്ക് കാർഡ്) ഓരോ അംഗത്തിനും രണ്ടു രൂപ നിരക്കിൽ 4 കിലോ അരിയും കേന്ദ്രത്തിന്റെ സൗജന്യ അരിയും ലഭിക്കും. ഇതൊക്കെയാണു കുറഞ്ഞ വിലയ്ക്കു വാങ്ങി പോളിഷ് ചെയ്യുന്ന സംഘങ്ങൾക്കു കൈമാറുന്നത്.
വെള്ളയരി കിലോഗ്രാമിന് 12 രൂപ നിരക്കിലും മട്ടയരി കിലോഗ്രാമിന് 15 രൂപ നിരക്കിലുമാണു ശേഖരിക്കുന്നത്. രൂപമാറ്റം വരുത്തുന്ന അരി 30 മുതൽ 45 രൂപ വരെ നിരക്കിലാണു ചാക്കിൽ പുറത്തിറക്കുന്നത്. റേഷനരിയുടെ രൂപം മാറ്റാൻ രാസപദാർഥങ്ങൾ ഉപയോഗിക്കുന്നുണ്ട്.