കൊൽക്കത്ത: പശ്ചിമബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ജ്യോതിപ്രിയ മല്ലിക്കിനെ അറസ്റ്റ് ചെയ്ത് ഇ.ഡി. റേഷൻ അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വ്യാഴാഴ്ച രാത്രിയോടെയാണ് ഇ.ഡി സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
കൊൽക്കത്തയിലെ സാൾട്ട് ലേക്കിലെ മല്ലിക്കിന്റെ വസതിയിൽ ഇ.ഡി സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. മന്ത്രിയെ ഇ.ഡി അറസ്റ്റ് ചെയ്യുമ്പോൾ മാധ്യമപ്രവർത്തകരും സംഭവസ്ഥലത്തുണ്ടായിരുന്നു. സി.ആർ.പി.എഫും ഇ.ഡിക്കൊപ്പമെത്തിയിരുന്നു. താൻ ഗൂഢാലോചനയുടെ ഇരയാണെന്നാണ് മന്ത്രി പ്രതികരിച്ചത്.
ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പിന് പുറമേ വനംവകുപ്പിന്റെ ചുമതല കൂടി മന്ത്രി വഹിച്ചിരുന്നു. അറസ്റ്റ് ചെയ്ത് അദ്ദേഹത്തെ വാഹനത്തിലേക്ക് മാറ്റുന്നവേളയിൽ ഗൂഢാലോചനയുടെ ഇരയാണ് താനെന്ന് മന്ത്രി പ്രതികരിച്ചു. അതേസമയം, മന്ത്രിയുടെ അറസ്റ്റിൽ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി ഇതുവരെ പ്രതികരിച്ചിട്ടില്ല.
നേരത്തെ ബംഗാൾ മുൻ വിദ്യാഭ്യാസമന്ത്രി പാർഥ ചാറ്റർജിയെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. അധ്യാപക റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട അഴിമതി കേസിലായിരുന്നു അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് വൻതോതിൽ പണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഇതിന് പുറമേ മുഖ്യമന്ത്രി മമത ബാനർജിയുടെ ബന്ധുവായ അഭിഷേക് ബാനർജിയെ ഇ.ഡി നിരവധി തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. കൽക്കരി അഴിമതി കേസിലായിരുന്നു ചോദ്യം ചെയ്യൽ.