കോഴിക്കോട് : കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ എലിശല്യം രൂക്ഷം. രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലാണ്. വാര്‍ഡുകളിലും ഭക്ഷണം കഴിക്കുന്നിടത്തും എലി ശല്യം രൂക്ഷമാണെന്ന് കൂട്ടിരിപ്പുകാര്‍ പരാതിപ്പെട്ടു. മഴ തുടങ്ങിയതോടെ വാര്‍ഡില്‍ ചോര്‍ച്ചയുമുണ്ട്. ആരോഗ്യ മന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് കൂട്ടിരിപ്പുകാര്‍ പരാതിപ്പെട്ടു. ആശുപത്രി അധികൃതരോടും പലതവണ പരാതി പറഞ്ഞിട്ടും പരിഹാരമായില്ലെന്ന് കൂട്ടിരിപ്പുകാര്‍ ആരോപിച്ചു. മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗികൾക്ക് മതിയായ ഭക്ഷണമില്ലെന്നും പരാതിയുണ്ട്.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനാവശ്യമായ നടപടികൾ ചീഫ് സെക്രട്ടറി തലത്തിൽ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ആധുനിക ചികിത്സാ സൗകര്യങ്ങളും ഗുണമേന്മയേറിയ ചികിത്സയും ആരോഗ്യപരമായ അന്തരീക്ഷവും ഉറപ്പ് വരുത്തിയാൽ മാത്രമേ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഇന്നനുഭവിക്കുന്ന ദുരിതങ്ങൾക്കും ദൗർഭാഗ്യകരമായ സംഭവങ്ങളും ഒഴിവാക്കാൻ കഴിയുകയുള്ളൂവെന്നായിരുന്നു കെ ബൈജുനാഥിന്റെ ഉത്തരവിൽ പറഞ്ഞിരുന്നത്. ഫെബ്രുവരി ഒൻപതിന് വാർഡിലുണ്ടായ വഴക്കിൽ ഒരു അന്തേവാസി കൊല്ലപ്പെട്ട സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ഉത്തരവ്.
കമ്മീഷൻ അംഗം കെ ബൈജുനാഥ് മാനസികാരോഗ്യ കേന്ദ്രത്തിൽ നേരിട്ട് സന്ദർശനം നടത്തിയിരുന്നു. പരിക്കേറ്റ അന്തേവാസി ജിയാലെറ്റിനെ ഡോക്ടർ പരിശോധിച്ച് മരുന്ന് നൽകിയതായി ആശുപത്രി സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു. ഗുരുതര പരിക്കുകൾ ശ്രദ്ധയിൽ പെട്ടില്ല. യഥാസമയം വിദഗ്ദ്ധ ചികിത്സ നൽകിയിരുന്നെങ്കിൽ രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള സാധ്യതയുണ്ടായിരുന്നതായി കമ്മീഷൻ വിലയിരുത്തിയിരുന്നു. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷാ ജീവനക്കാരടക്കമുള്ളവരുടെ കുറവും കാരണം ആശുപത്രി അധികൃതർ പൊറുതിമുട്ടുകയാണ്. അതിനാൽ ആശുപത്രി അധികൃതരെയും ജീവനക്കാരെയും കുറ്റപ്പെടുത്തുന്നില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ കമ്മീഷൻ വിലയിരുത്തിയിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിൽ നടന്ന കൊലപാതകം കേരളത്തെ ഞെട്ടിച്ചിരുന്നു. ബുധനാഴ്ച കൊലപാതകം നടന്നിട്ടും ആശുപത്രി അധികൃതർ ഇതറിഞ്ഞത് വ്യാഴാഴ്ച പുലർച്ചെ മാത്രമാണ്.