കൊല്‍ക്കത്ത : ഐപിഎല്‍ പതിനഞ്ചാം സീസണിലെ എലിമിനേറ്ററില്‍ വിരാട് കോലിയടക്കമുള്ള വമ്പന്‍മാര്‍ക്ക് കാലിടറിയപ്പോള്‍ ആരും അത്തരമൊരു വിസ്‌മയ പ്രകടനം അയാളില്‍ നിന്ന് പ്രതീക്ഷിച്ചില്ല. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത് രജത് പട്ടിദാർ എന്ന പകരക്കാരന്‍ താരമായിരുന്നു. 14 റണ്‍സിന് മത്സരം ജയിച്ച് ആര്‍സിബി ക്വാളിഫയറിന് യോഗ്യരായപ്പോള്‍ പട്ടിദാറിനെ വമ്പന്‍ പ്രശംസകൊണ്ട് മൂടിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്‌ത്രി.
‘ഒരു പതിറ്റാണ്ട് ബാറ്റ് ചെയ്‌ത് പരിചയമുള്ള താരത്തെ പോലെയാണ് രജത് പട്ടിദാർ ക്രീസില്‍ നിന്നത്. ഗംഭീര ഷോട്ടുകള്‍, ധൈര്യം… സാഹചര്യമോ എതിര്‍ ടീമോ അദേഹത്തിന് പ്രതിസന്ധിയായില്ല. ഗംഭീര പ്രകടനമാണ് താരം പുറത്തെടുത്തത്. മത്സരം ആര്‍സിബിക്കായി ഒരുക്കിയത് പട്ടിദാറാണ്. ക്യാച്ചുകള്‍ നഷ്‌ടമാക്കുന്നത് കളിയുടെ ഭാഗമാണ്. നന്നായി കളിക്കുമ്പോള്‍ അല്‍പം ഭാഗ്യം തുണയാവണമെന്ന് അദേഹവും ആഗ്രഹിച്ചുകാണും. അതിമനോഹരമായിരുന്നു രജത് പട്ടിദാറിന്‍റെ ഇന്നിംഗ്‌സ്’ എന്നും മത്സരത്തിന് ശേഷമുള്ള ക്രിക്കറ്റ് ഷോയില്‍ ശാസ്‌ത്രി പറഞ്ഞു.
എലിമിനേറ്ററില്‍ വിരാട് കോലി, ഗ്ലെന്‍ മാക്സ്‍വെല്‍, ഫാഫ് ഡുപ്ലെസി ത്രയം ആകെക്കൂടി 34 റൺസ് മാത്രം നേടിയിട്ടും ആര്‍സിബിയെ 200 കടത്തുകയായിരുന്നു ആര്‍സിബിയുടെ 28കാരനായ മധ്യപ്രദേശ് താരം. സീസണിനിടെ ലവ്നിത് സിസോദിയ പരിക്കേറ്റ് പുറത്തുപോയപ്പോള്‍ ആര്‍സിബി പട്ടിദാറിനെ അടിസ്ഥാനവിലയായ 20 ലക്ഷത്തിന് ടീമിലുള്‍പ്പെടുത്തുകയായിരുന്നു. പട്ടിദാർ 54 പന്തിൽ 12 ഫോറും ഏഴ് സിക്‌സറുമടക്കം 112* റണ്‍സുമായി പുറത്താകാതെ നിന്നു. ഐപിഎല്‍ പ്ലേഓഫില്‍ മൂന്നക്കം കടക്കുന്ന ആദ്യ അണ്‍ക്യാപ്‌ഡ് ഇന്ത്യന്‍ താരമാണ് രജത് പട്ടിദാർ.
പട്ടിദാറിന്‍റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ നാല് വിക്കറ്റിന് 207 റണ്‍സ് പടുത്തുയര്‍ത്തി. 23 പന്തില്‍ 37 റണ്‍സുമായി ദിനേശ് കാര്‍ത്തിക്കും പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗില്‍ നായകന്‍ കെ എല്‍ രാഹുലും(58 പന്തില്‍ 79), ദീപക് ഹൂഡയും(26 പന്തില്‍ 45) ശ്രമിച്ചെങ്കിലും ആര്‍സിബി ബൗളര്‍മാര്‍ വിട്ടുകൊടുത്തില്ല. മൂന്ന് വിക്കറ്റുമായി ജോഷ് ഹേസല്‍വുഡും ഓരോ വിക്കറ്റുമായി വനിന്ദു ഹസരങ്കയും മുഹമ്മദ് സിറാജും ഹര്‍ഷല്‍ പട്ടേലും തിളങ്ങി.