മലയാളി താരം സഞ്ജു സാംസണിൻ്റെ ക്യാപ്റ്റൻസിയെ വിമർശിച്ച് മുൻ താരങ്ങളായ രവി ശാസ്ത്രിയും സുനിൽ ഗവാസ്കറും. രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു റോയൽ ചലഞ്ചേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ മോശം ക്യാപ്റ്റൻസിയാണ് കാഴ്ചവച്ചതെന്ന് ഇരുവരും കുറ്റപ്പെടുത്തി. ദിനേഷ് കാർത്തിക് ബാറ്റ് ചെയ്യുമ്പോൾ ഡീപിൽ ഫീൽഡർമാരെ പ്ലേസ് ചെയ്യാത്തതും നവദീപ് സെയ്നിയെ ഉപയോഗിച്ചതും മോശം ക്യാപ്റ്റൻസിയാണെന്നാണ് മുൻ താരങ്ങൾ പറയുന്നത്.
പരാജയത്തിന് മറുപടി പറയേണ്ടത് സഞ്ജുവാണ്. ദിനേശ് കാർത്തികിന് ഓൺസൈഡിൽ സ്കോർ ചെയ്യാൻ എളുപ്പമാണ് എന്നിരിക്കെ ഡീപ്പിൽ ഫീൽഡർമാർ ഉണ്ടായിരുന്നില്ല.”- സുനിൽ ഗവാസ്കർ പറഞ്ഞു. “21 റൺസ് പിറന്ന അശ്വിൻ്റെ ഓവറിനു ശേഷം പന്തെറിയേണ്ടിയിരുന്നത് ചഹാൽ ആയിരുന്നു. 16ആം ഓവറിൽ നവദീപ് സെയ്നിക്ക് പന്ത് നൽകിയത് തിരിച്ചടിയായി. ആ ഓവറിൽ 17റൺസ് അടിച്ചതോടെയാണ് കളി രാജസ്ഥാനു നഷ്ടമായത്. ഫീൽഡിനനുസരിച്ച് രാജസ്ഥാൻ പന്തെറിഞ്ഞില്ല.”- രവി ശാസ്ത്രി കുറ്റപ്പെടുത്തി.
റോയൽ ചലഞ്ചേഴ്സിനെതിരെ 4 വിക്കറ്റിൻ്റെ പരാജയമാണ് രാജസ്ഥാൻ വഴങ്ങിയത്. ജസ്ഥാൻ മുന്നോട്ടുവച്ച 170 റൺസിൻ്റെ വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടപ്പെടുത്തി 5 പന്തുകൾ ബാക്കിനിൽക്കെയാണ് ബാംഗ്ലൂർ മറികടന്നത്. മികച്ച തുടക്കത്തിനു ശേഷം തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ ബാംഗ്ലൂരിന് ദിനേഷ് കാർത്തിക് (23 പന്തിൽ 44 നോട്ടൗട്ട്), ഷഹബാസ് അഹ്മദ് (45) എന്നിവരുടെ അവിസ്മരണീയ ബാറ്റിംഗാണ് ആവേശ ജയം സമ്മാനിച്ചത്. രാജസ്ഥാനു വേണ്ടി യുസ്‌വേന്ദ്ര ചഹാൽ 2 വിക്കറ്റ് വീഴ്ത്തി. ഇതോടെ ആർസിബി സീസണിൽ തുടർച്ചയായ രണ്ടാം ജയം കുറിച്ചപ്പോൾ രാജസ്ഥാൻ്റെ ആദ്യ തോൽവിയാണ്.