കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്‍റെ പശ്ചാത്തലത്തില്‍ അര്‍ബൻ സഹകരണ ബാങ്കുകളുടെ ഇടപാടുകള്‍ പരിശോധിക്കാനൊരുങ്ങി ആര്‍ബിഐ. കേരളത്തിലെ അര്‍ബൻ സഹകരണ ബാങ്ക് പ്രതിനിധികളുടെ അടിയന്തര യോഗം ഇന്ന് കൊച്ചിയിൽ ചേരും. ഇഡി റിപ്പോര്‍ട്ട് അനുസരിച്ച് കള്ളപ്പണ ഇടപാടുകളുണ്ടെന്ന് സംശയിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളുമായി അര്‍ബൻ ബാങ്കുകള്‍ക്ക് ബന്ധമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കുമായി രണ്ട് അര്‍ബൻ ബാങ്കുകള്‍ക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗം.
അതേസമയം, കരുവന്നൂര്‍ കള്ളപ്പണ കേസിൽ സഹകരണ സൊസൈറ്റി റജിസ്ട്രാർ ടി വി സുഭാഷ് ഐഎഎസിനെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും. ചൊവ്വാഴ്ച ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും ടി വി സുഭാഷ് അസൗകര്യം അറിയിച്ചിരുന്നു. കരുവന്നൂർ തട്ടിപ്പ് സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെ നടക്കില്ലെന്നാണ് ഇ ഡി നിഗമനം. ഓഡിറ്റിംഗ് അടക്കം നടത്തിയിട്ടും എന്തുകൊണ്ട് കുറ്റകൃത്യങ്ങൾ പുറത്തുവന്നില്ല എന്നതാണ് ഇ ഡി പരിശോധിക്കുന്നത്. നേരെത്തെ മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാർ, തൃശൂർ ജോയിന്റ് രജിസ്ട്രാർ എന്നിവരെ ഇ ഡി ചോദ്യം ചെയ്തിരുന്നു.