കൊച്ചി: ‘നിലം’ എന്ന് രേഖപ്പെടുത്തിയ ഭൂമി ഡേറ്റ ബാങ്കിൽ നിന്നൊഴിവാക്കി പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കാൻ ആർ.ഡി.ഒക്ക് അധികാരമില്ലെന്ന് ഹൈകോടതി. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ പുനഃപരിശോധനക്ക് വ്യവസ്ഥയില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്. മുമ്പ് ഡേറ്റ ബാങ്കിൽനിന്ന് ഒഴിവാക്കിയ ഭൂമിയുടെ തരംമാറ്റ അപേക്ഷ മൂവാറ്റുപുഴ ആർ.ഡി.ഒ നിരസിക്കുകയും മുൻ ഉത്തരവ് തിരിച്ചുവിളിക്കുകയും ചെയ്ത ഉത്തരവിനെതിരെ പത്തനംതിട്ട സ്വദേശി നിഖിൽ വർഗീസ് ജോൺ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഹരജിക്കാരന് പുത്തൻകുരിശ് വില്ലേജിലുള്ള 44.72 സെന്റ് ഭൂമി അടിസ്ഥാന നികുതി രജിസ്റ്ററിൽ (ബി.ടി.ആർ) നിലം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 2008ലെ നെൽവയൽ, തണ്ണീർത്തടം സംരക്ഷണ നിയമ പ്രകാരം നിലവിൽവന്ന ഡേറ്റ ബാങ്കിലും നെൽവയൽ എന്നാണുള്ളത്. തുടർന്ന് ഡേറ്റ ബാങ്കിൽനിന്ന് ഭൂമി ഒഴിവാക്കാൻ 2021 നവംബറിൽ ആർ.ഡി.ഒക്ക് അപേക്ഷ നൽകി. 2008നുമുമ്പ് നികത്തിയതാണെന്ന പ്രാദേശികതല മേൽനോട്ട സമിതിയുടെ ശിപാർശകൂടി പരിഗണിച്ച് 2022 ജനുവരി 24ന് ഡേറ്റ ബാങ്കിൽനിന്ന് ഒഴിവാക്കി ആർ.ഡി.ഒ ഉത്തരവിട്ടു. തുടർന്ന് ഭൂമിയുടെ തരംമാറ്റത്തിന് അപേക്ഷ നൽകി. വില്ലേജ് ഓഫിസർ അനുകൂല റിപ്പോർട്ട് നൽകിയെങ്കിലും അപേക്ഷ നിരസിച്ചു. റോഡിനേക്കാൾ ഒന്നരമീറ്റർ താഴ്ന്നാണ് പ്രദേശമെന്നതടക്കം ചൂണ്ടിക്കാട്ടി ജൂനിയർ സൂപ്രണ്ട് നൽകിയ റിപ്പോർട്ട് പരിഗണിച്ച ആർ.ഡി.ഒ ആദ്യ ഉത്തരവ് തിരിച്ചുവിളിക്കുകയും ചെയ്തു.
എന്നാൽ, നെൽവയൽ തണ്ണീർത്തട നിയമത്തിൽ ഇത്തരമൊരു വ്യവസ്ഥയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമത്തിൽ വ്യവസ്ഥയില്ലാത്ത അധികാരം വിനിയോഗിക്കാൻ ആർ.ഡി.ഒക്ക് കഴിയില്ല. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ 5(4) വകുപ്പ് പ്രകാരം ഭൂമി ഡേറ്റ ബാങ്കിൽനിന്ന് ഒഴിവാക്കിയ ഉത്തരവ് പുനഃപരിശോധിക്കാൻ ആർ.ഡി.ഒക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് ആർ.ഡി.ഒ ഉത്തരവ് റദ്ദാക്കിയ കോടതി ഹരജിക്കാരന്റെ അപേക്ഷയിൽ വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് കണക്കിലെടുത്ത് രണ്ട് മാസത്തിനുള്ളിൽ ഉചിത തീരുമാനമെടുക്കാൻ നിർദേശിച്ച് ഹരജി തീർപ്പാക്കി.