മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ 11 വർഷം മുമ്പ് കോളിളക്കം സൃഷ്ടിച്ച സൗജന്യ വധം കേസ് വീണ്ടും അന്വേഷിക്കാൻ സംസ്ഥാന സർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി കർണാടക ഹൈകോടതി തള്ളി. നവീൻ കുമാർ നെരിയ, ഗിരീഷ് ഭരദ്വാജ്, പുത്തൂർ ബൽനാട് വിനായക ഫ്രന്റ്സ് ട്രസ്റ്റ് എന്നിവർ ചേർന്ന് സമർപ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് പി.ബി.വരലെ, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് എന്നിവരുടെ ഡിവിഷൻ ബെഞ്ച് തള്ളിയത്.
മേൽ കോടതിയിൽ അപ്പീൽ പോവുകയാണ് നിയമ മാർഗം എന്ന് നിരീക്ഷിച്ച കോടതി അങ്ങിനെ ചെയ്തിട്ടുണ്ടോ എന്ന് ഹരജിക്കാരുടെ അഭിഭാഷകൻ അരുൺ ശ്യാമിനോട് ആരാഞ്ഞു.ഇരയുടെ ബന്ധുക്കൾ അപ്പീൽ പോയിട്ടില്ലെന്ന് അഭിഭാഷകൻ അറിയിച്ചു.എങ്കിൽ അതിന് നിങ്ങൾ അവരെ സഹായിക്കുക.പ്രതിഷേധങ്ങളും പൊതുയോഗങ്ങളും നടത്തി ജനവികാരപ്രകടനത്തിലൂടെ നിയമത്തിന്റെ അതിർവരമ്പുകൾ ലംഘിക്കാനാവില്ല-കോടതി പറഞ്ഞു.
2012 ഒക്ടോബർ ഒമ്പതിനാണ് ഉജ്റെ ശ്രീ ധർമ്മസ്ഥല മഞ്ചുനാഥേശ്വര കോളജിൽ രണ്ടാം വർഷ പിയു വിദ്യാർഥിനിയായിരിക്കെ സൗജന്യ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.കോളജ് വിട്ട് വീട്ടിലെത്താത്ത കുട്ടിയുടെ നഗ്ന ജഡം പിറ്റേന്ന് നേത്രാവതി നദിക്കരയിൽ വിജനസ്ഥലത്ത് കൈകൾ ചുരിദാർ ഷാൾ കൊണ്ട് പിറകിൽ കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.സൗജന്യയുടെ പിതാവ് ചന്ദ്രപ്പ ഗൗഡയുടെ പരാതിയിൽ കേസെടുത്ത ധർമ്മസ്ഥല പൊലീസ്
പരിസരത്ത് സംശയ സാഹചര്യത്തിൽ കണ്ടെത്തിയ സന്തോഷ് റാവു എന്നയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.11 വർഷത്തിനിടയിൽ ലോക്കൽ പൊലീസും സി.ഐ.ഡിയും ഒടുവിൽ സി.ബി.ഐയും അന്വേഷിച്ച കേസിൽ പ്രതിയെ കഴിഞ്ഞ ജൂൺ 16ന് ബംഗളൂരു സി.ബി.ഐ പ്രത്യേക കോടതി വിട്ടയക്കുകയായിരുന്നു.