മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്നും വമ്പന്‍ പോരാട്ടങ്ങളുണ്ട്. ചെല്‍സി നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിനെയും ഇറ്റാലിയന്‍ ക്ലബ് നാപ്പോളി നാട്ടുകാരായ എസി മിലാനെയും നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് കളിതുടങ്ങുക. കിരീടം നിലിനിര്‍ത്താനാണ് റയല്‍ ഇറങ്ങുന്നത്. ചെല്‍സിയാവട്ടെ കിരീടം വീണ്ടെടുക്കാനും. അവസാന രണ്ട് പതിപ്പുകളിലെ ചാംപ്യന്‍മാര്‍ യൂറോപ്യന്‍ പോരിന്റെ സെമിയുറപ്പിക്കാന്‍ നേര്‍ക്കുനേര്‍. ലാ ലിഗയില്‍ കിരീടപ്രതീക്ഷ കൈവിട്ട റയലിന് ചാംപ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്താതെ തല ഉയര്‍ത്താനാവില്ല.
സാന്റിയാഗോ ബെര്‍ണബ്യൂവില്‍ സ്വന്തം കാണികളുടെ പിന്തുണയോടെ ആദ്യപാദത്തില്‍ തന്നെ കളിപിടിക്കാമെന്ന പ്രതീക്ഷയിലാണ് റയല്‍. കരീം ബെന്‍സേമ- വിനിഷ്യസ് ജൂനിയര്‍ ജോഡിയിലേക്കാണ് റയല്‍ ഉറ്റുനോക്കുന്നത്. ലാ ലീഗയില്‍ വിയ്യാറയലിനെതിരെ വിശ്രമം നല്‍കിയ ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, എഡര്‍ മിലിറ്റാവോ, എഡ്വാര്‍ഡോ കാമവിംഗ എന്നിവര്‍ റയല്‍ നിരയില്‍ തിരിച്ചെത്തും. പ്രീമിയര്‍ ലീഗില്‍ കിതയ്ക്കുന്ന ചെല്‍സി താല്‍ക്കാലിക കോച്ച് ഫ്രാങ്ക് ലാംപാര്‍ഡിന്റെ ശിക്ഷണത്തിലാണ് ഇറങ്ങുന്നത്. രണ്ടാമൂഴത്തിലെ ആദ്യകളിയില്‍ വൂള്‍വ്‌സിനോട് തോറ്റതിന്റെ സമ്മര്‍ദവുമുണ്ട് ലാംപാര്‍ഡിന്.
തിയാഗോ സില്‍വയും സെസാര്‍ ആസ്പലിക്യൂട്ടയും പരിക്കില്‍നിന്ന് മുക്തരായിട്ടില്ല. റഹിം സ്റ്റെര്‍ലിംഗ്, കായ് ഹാവെര്‍ട്‌സ്, യാവോ ഫെലിക്‌സ് എന്നിവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നാലെ ചെല്‍സിക്ക് പ്രതീക്ഷയുള്ളൂ. ഇറ്റാലിയന്‍ പോരില്‍ നാപ്പോളിയെ പിടിച്ചുകെട്ടുക എസി മിലാണ് ഒട്ടും എളുപ്പമായിരിക്കില്ല.
സെരി എയില്‍ കിരീടം ഉറപ്പിച്ച് മുന്നേറുന്ന നാപ്പോളി ഉഗ്രന്‍ ഫോമില്‍. സൂപ്പര്‍ സ്‌ട്രൈക്കര്‍ വിക്ടര്‍ ഒസിമന് പരിക്കേറ്റത് നാപ്പോളിക്ക് തിരിച്ചടിയാണ്. ഒലിവര്‍ ജിറൂഡും റാഫേല്‍ ലിയോയും തിരിച്ചെത്തുന്നത് മിലാന് കരുത്താവും. ഇറ്റാലിയന്‍ ലീഗില്‍ നാപ്പോളി ഒന്നും മിലാന്‍ നാലും സ്ഥാനത്താണ്. മിലാനെക്കാള്‍ 22 പോയിന്റ് മുന്നിലാണ് നാപ്പോളി.